സെന്‍സസ് പോലും നടത്താതെ മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചെന്ന് പറയുന്നത് എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ്: തേജസ്വി യാദവ്
national news
സെന്‍സസ് പോലും നടത്താതെ മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചെന്ന് പറയുന്നത് എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ്: തേജസ്വി യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th May 2024, 6:37 pm

ന്യൂദല്‍ഹി: മുസ്‌ലിം ജനസംഖ്യയില്‍ വര്‍ധനവുണ്ടായെന്ന പ്രധാനമന്ത്രിക്കുള്ള സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിനെതിരെ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. സെന്‍സസ് പോലും നടത്താതെ എങ്ങനെയാണ് മുസ്‌ലിം ജനസംഖ്യയില്‍ വര്‍ധനവുണ്ടായെന്ന ഈ കണക്കുകള്‍ ലഭിച്ചതെന്ന് അദ്ദേഹം ചോദിച്ചു. തൊഴിലില്ലായ്മ ഉള്‍പ്പടെയുള്ള യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ഇത്തരം ഹിന്ദു-മുസ്‌ലിം ബൈനറികളെ കുറിച്ച് സംസാരിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രധാനമന്ത്രിക്കുള്ള സാമ്പത്തിക ഉപദേശക സമിതി (ഇ.എ.സി-പി.എം)യുടെ റിപ്പോര്‍ട്ടില്‍ രാജ്യത്തെ മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചിതായും ഹിന്ദു ജനസംഖ്യ കുറഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രികൂടിയായ തേജസ്വി യാദവ്.

‘ ഒരു സെന്‍സസ് പോലും നടത്താതെ എങ്ങിനെയാണ് നിങ്ങള്‍ ഈ കണക്കുകളില്‍ എത്തിയത്. 2021ല്‍ സെന്‍സസ് നടത്തേണ്ടതായിരുന്നില്ലേ? നിങ്ങള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. നിങ്ങള്‍ ദയവായി ഈ ഹിന്ദു -മുസ്‌ലിം ബൈനറി മാറ്റിവെച്ച് രാജ്യത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കൂ’ തേജസ്വി യാദവ് പറഞ്ഞു.

‘ഷെയര്‍ ഓഫ് റിലീജിയസ് മൈനോറിറ്റീസ്: എ ക്രോസ് കണ്‍ട്രി അനാലിസിസ് (1950-2015)’എന്ന തലക്കെട്ടില്‍ പുറത്തിറങ്ങിയ പ്രധാനമന്ത്രിക്കുള്ള സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചതായുള്ള വിവരങ്ങളുള്ളത്. 1950 മുതല്‍ 2015 വരെയുള്ള കാലയളവില്‍ രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ 84.68 ശതമാനത്തില്‍ നിന്ന് 7.82 ശതമാനം കുറഞ്ഞ് 78.06 ശതമാനമായെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ കാലയളവില്‍ രാജ്യത്തെ മുസ്‌ലിം ജനസംഖ്യ 9.84 ശതമാനത്തില്‍ നിന്നും 14.09 ശതമാനമായി വര്‍ധിച്ചു എന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയെ കുറിച്ചോ, വിലക്കയറ്റമുള്‍പ്പടെയുള്ള മറ്റു പ്രധാനപ്പെട്ട വിഷയങ്ങളെ കുറിച്ചോ പ്രധാനമന്ത്രി സംസാരിക്കുന്നില്ലെന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി. ‘മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറും രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. അവര്‍ ഭരണഘടനയെ തര്‍ക്കാനും ജനങ്ങള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനും ശ്രമിക്കുന്നു. സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല’ തേജസ്വി യാദവ് പറഞ്ഞു.

പ്രധാനമന്ത്രി റോഡ് ഷോകളോ എയര്‍ ഷോകളോ നടത്തട്ടെയെന്നും തങ്ങള്‍ ജോബ് ഷോകളെ കുറിച്ചാണ് സംസാരിക്കുന്നത് എന്നും മെയ് 12ന് നരേന്ദ്ര മോദി ബിഹാറില്‍ നടത്താനുദ്ദേശിക്കുന്ന റോഡ് ഷോയെ കുറിച്ചുള്ള ചോദ്യത്തിന് തേജസ്വി മറുപടി പറഞ്ഞു. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ തങ്ങള്‍ തൊഴില്‍ രഹിതരായ ഒരു കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലും രാജ്യത്താകെയും എന്‍.ഡി.എ നാണംകെട്ട പരാജയം നേരിടുമെന്നും ആര്‍.ജെ.ഡി നേതാവ് പറഞ്ഞു.

രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മെയ് 12നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബിഹാറിലെത്തുന്നത്.

content highlights: On what basis to say that Muslim population has increased without even conducting a census: Tejashwi yadav