2026 ഫിഫ ലോകകപ്പില്‍ റഫറിയായി ചുമതലയേല്‍ക്കുന്ന ആദ്യ സൊമാലിയക്കാരനാകാനിരുന്ന ഒമര്‍ ആര്‍ട്ടണിന് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചു. ഇതോടെ ലോകകപ്പില്‍ അദ്ദേഹത്തിന് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ല.
തിങ്കളാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍, ‘ഒമര്‍ ആര്‍ട്ടണിന് 2026 ഫിഫ ലോകകപ്പിനായുള്ള പരിശീലനത്തിലും മത്സര നിയന്ത്രണ ചുമതലകളിലും പങ്കെടുക്കാന്‍ കഴിയില്ല’ എന്ന് ഫിഫ സ്ഥിരീകരിച്ചു.
ഈ സാഹചര്യത്തിന്റെ ഉത്തരവാദിത്തം യു.എസ് അധികൃതര്‍ക്കാണെന്ന് വ്യക്തമാക്കിയ ഫിഫ, ‘ഒമര്‍ ആര്‍ട്ടണിന്റെ നിലവിലെ സ്ഥിതിയില്‍ മാറ്റമുണ്ടാകില്ലെന്ന് ബന്ധപ്പെട്ട അധികാരികള്‍ ഞങ്ങളെ അറിയിച്ചിട്ടുണ്ട്’ എന്നും പറഞ്ഞു.
‘വിസ അനുവദിക്കുന്നതും കുടിയേറ്റ നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതും ആതിഥേയ രാജ്യത്തിന്റെ അധികാരപരിധിയിലുള്ള കാര്യങ്ങളാണ്. മുന്‍ ഫിഫ ടൂര്‍ണമെന്റുകളിലേതുപോലെ, ആര്‍ക്കാണ് വിസ നല്‍കേണ്ടത്, ആര്‍ക്കാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം ആതിഥേയ സര്‍ക്കാരാണ് തീരുമാനിക്കുന്നത്. ഈ നടപടിക്രമങ്ങളില്‍ ഫിഫയ്ക്ക് പങ്കില്ല,’ എന്നും ഫിഫയുടെ പ്രസ്താവനയില്‍ വ്യക്തമാക്കി.
A Somali referee who is due to officiate at the World Cup has been denied entry to the U.S. after “vetting concerns” emerged upon his arrival in Florida over the weekend.
Omar Artan arrived at Miami International Airport on a flight from Istanbul on Saturday but was barred from… pic.twitter.com/vsMa2NnsuN
— The Athletic | Football (@TheAthleticFC) June 8, 2026
സാധുവായ വിസ ഉണ്ടായിരുന്നിട്ടും മയാമി വിമാനത്താവളത്തില്‍ വെച്ച് ഒമര്‍ ആര്‍ട്ടന് അമേരിക്കയിലേക്കുള്ള പ്രവേശനം നിഷേധിക്കുകയായിരുന്നു. സൊമാലിയയ്ക്ക് മേലുള്ള യാത്രാ നിയന്ത്രണങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഈ തീരുമാനം ഫുട്‌ബോളിന്റെ നീതിയുക്ത മത്സരത്തോടുള്ള പ്രതിബദ്ധതയെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് സൊമാലിയന്‍ അധികൃതര്‍ വിമര്‍ശിച്ചു.
കഴിഞ്ഞ വര്‍ഷം ആഫ്രിക്കയിലെ മികച്ച റഫറിയായി തെരഞ്ഞെടുക്കപ്പെട്ട ആര്‍ട്ടണ്‍, 2023 ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിലും മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്നു. 2018 മുതല്‍ ഫിഫ റഫറിയായ അദ്ദേഹം, 2026 ലോകകപ്പിലെ 104 മത്സരങ്ങള്‍ നിയന്ത്രിക്കുന്ന 170 റഫറിമാരുടെ സംഘത്തിലെ അംഗമായിരുന്നു.
ലോകകപ്പുമായി ബന്ധപ്പെട്ട യാത്രാ-വിസ പ്രശ്‌നങ്ങള്‍ നേരത്തെ തന്നെ ആശങ്ക ഉയര്‍ത്തിയിരുന്നു. ഇറാന്‍ ടീമിലെ ചില ഉദ്യോഗസ്ഥര്‍ക്കും വിസ തടസങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാഖ് താരം അയ്മന്‍ ഹുസൈനെ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ ചോദ്യം ചെയ്തതും, സ്വിസ് താരം ബ്രെല്‍ എംബോളോയ്ക്ക് താല്‍ക്കാലികമായി വിസ നിഷേധിച്ചതും ചര്‍ച്ചയായിരുന്നു.
Content Highlight: Omar Arton, the first Somali referee to officiate at the 2026 FIFA World Cup, has been denied entry to the United States