പ്രവാസികളെ ഒഴിവാക്കി ഒമാനും; മാളുകളിലും വാഹന ഏജന്‍സികളിലും ഇനി ജോലി ലഭിക്കില്ല; വിസാ കാലാവധിയും പുതുക്കില്ല
World News
പ്രവാസികളെ ഒഴിവാക്കി ഒമാനും; മാളുകളിലും വാഹന ഏജന്‍സികളിലും ഇനി ജോലി ലഭിക്കില്ല; വിസാ കാലാവധിയും പുതുക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th January 2021, 12:56 pm

മനാമ: കുവൈത്തിന് പിന്നാലെ വിവിധ മേഖലകളില്‍ നിന്നും പ്രവാസികളെ ഒഴിവാക്കി ഒമാനും. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് സ്വകാര്യമേഖലയിലടക്കം വിവിധ തസ്തികകളില്‍ നിന്നും വിദേശപൗരന്മാരെ ഒഴിവാക്കുന്നത്.

ഇന്‍ഷുറന്‍സ് കമ്പനികളിലെ ഫിനാഷ്യല്‍ – അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകള്‍, ബ്രോക്കറേജ് ജോലികള്‍, മാളുകളിലെ സാധനങ്ങള്‍ തരംതിരിക്കല്‍, വില്‍പന, അക്കൗണ്ടിംഗ്, മണി എക്‌സ്‌ചേഞ്ച്, വാഹന ഏജന്‍സികളിലെ അക്കൗണ്ടിംഗ് ജോലികള്‍, വാഹനങ്ങളുടെ വില്‍പന, ഓഡിറ്റിംഗ് തുടങ്ങിയ ജോലികളില്‍ ഇനി മുതല്‍ സ്വദേശികളെ മാത്രമേ നിയമിക്കുകയുള്ളു. ഈ ജോലികളില്‍ വിദേശികള്‍ക്ക് പൂര്‍ണ്ണമായ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

അധ്യാപനരംഗത്തും ഇനി മുതല്‍ വിദേശികള്‍ക്ക് അവസരമുണ്ടാവുകയില്ലെന്ന് ഒമാന്‍ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ വിസാ കാലാവധി കഴിഞ്ഞാല്‍ പുതുക്കി നല്‍കില്ല.

പുതിയ ഉത്തരവ് നിരവധി മലയാളി പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പിലാക്കിയ മേഖലകളിലെല്ലാം വിവിധ തസ്തികകളിലായി നിരവധി മലയാളികളാണ് ജോലി ചെയ്തുവരുന്നത്. വിസ പുതുക്കി നല്‍കിയില്ലെങ്കില്‍ ആയിര കണക്കിന് പേര്‍ക്കായിരിക്കും ജോലി നഷ്ടപ്പെടുക.

കുവൈത്തില്‍ സ്വദേശിവത്ക്കരണം ശക്തമായ സാഹചര്യത്തില്‍ പൊതുമേഖലയില്‍ പ്രവാസികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ നീക്കം നടത്തുന്നതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതുവഴി പൊതുമേഖലാ ജോലികളില്‍ 100 ശതമാനം സ്വദേശിവത്ക്കരണം നടത്തുകയാണ് ലക്ഷ്യം. ഇതിനായി സിവില്‍ സര്‍വീസ് ബ്യൂറോ പദ്ധതി തയ്യാറാക്കിയതായി വാണിജ്യ വ്യാപാര മന്ത്രി ഫൈസല്‍ അല്‍ മെദ്ലിജ് അറിയിച്ചു.

രണ്ട് വര്‍ഷത്തിനകം അഞ്ച് മേഖലകളില്‍ സ്വദേശിവത്ക്കരണം പൂര്‍ണമാക്കും. വിദ്യാഭ്യാസം, ക്രിമിനല്‍ ഫോറന്‍സിക് എന്നിവയില്‍ 97 ശതമാനം സ്വദേശിവത്ക്കരണമുണ്ടാകും. ഏറ്റവും കുറവുള്ള കാര്‍ഷിക മേഖലയില്‍ ഇത് 75 ശതമാനം ആണ്.

കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിദേശികളെ ഒഴിവാക്കാന്‍ ആണ് ലക്ഷ്യമിടുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ 2144 വിദേശികളെ സര്‍ക്കാര്‍ മേഖലയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മൂന്ന് മാസത്തിനിടെ 83,000ത്തില്‍ അധികം പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിയതായാണ് അറിയുന്നത്. ഇതോടെ രാജ്യത്തെ വിദേശികളുടെ എണ്ണം 15 ലക്ഷം ആയിട്ടുണ്ട്.

തൊഴില്‍ മേഖലയില്‍ വിദേശികളുടെ എണ്ണം കുറക്കുക എന്ന കുവൈത്ത് ഭരണകൂടത്തിന്റെ ലക്ഷ്യം ഫലം കണ്ടുതുടങ്ങി എന്നതിന്റെ സൂചനയാണ് പ്രവാസികളുടെ മടങ്ങി വരവ്. കുവൈത്ത് മാധ്യമങ്ങള്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

സര്‍ക്കാര്‍ മേഖലയില്‍ 29% മാത്രമാണ് വിദേശികള്‍ ജോലി ചെയ്യുന്നത്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ 65% വിദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. വ്യാപാര മേഖലയിലാണ് കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്നത്.

ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 3 മാസത്തിനിടെ 7385 പേര്‍ ഇവിടെ നിന്നും സ്വന്തം നാട്ടിലേക്ക് പോയിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു.

2017 ലാണ് കുവൈത്ത് സ്വദേശിവത്കരണനയം പ്രഖ്യാപിച്ചത്. 2019 ഡിസംബര്‍ വരെ 1.20 ലക്ഷം പ്രവാസികളാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നത്. കൊവിഡ് കാരണം നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു. ആഗസ്റ്റില്‍ 48 സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നായി 1183 വിദേശികളുടെ തൊഴില്‍ കരാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Oman removes expats from jobs as part of nationalisation policies