തുർക്കിയോട് സൗദി അടുക്കുന്നു; ഖത്തർ ഇടനിലക്കാരനായേക്കും, ബൈഡൻ നിർണായക ഘടകവും
World News
തുർക്കിയോട് സൗദി അടുക്കുന്നു; ഖത്തർ ഇടനിലക്കാരനായേക്കും, ബൈഡൻ നിർണായക ഘടകവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th January 2021, 11:17 pm

അങ്കാര: സൗദി അറേബ്യയും തുർക്കിയും തമ്മിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. അൽജസീറയാണ് രണ്ട് വർഷത്തെ കടുത്ത വൈര്യത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

തുർക്കിയും സൗദിയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് ഖത്തർ മധ്യസ്ഥത വഹിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും വീണ്ടും സഹകരണത്തിന്റെ പാതയിലേക്ക് എത്തുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നത്.

തുർക്കിയും സൗദി അറേബ്യയുമായുള്ള ബന്ധം പ്രാദേശിക ശക്തികളുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു കഴിഞ്ഞ രണ്ട് വർഷങ്ങളിലും. ഇസ്താംബുളിൽ വെച്ച് മാധ്യമപ്രവർത്തകൻ ജമാൽ ഖഷോ​ഗ്ജിയെ സൗദി അറേബ്യ കൊലപ്പെടുത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. കൊലപാതകത്തിന് പിന്നാലെ സൗദിക്കെതിരെ തുർക്കി പരസ്യ നിലപാട് സ്വീകരിച്ചിരുന്നു.

ഗൾഫ് മേഖലയിലെ നയതന്ത്ര പ്രതിസന്ധി കുറഞ്ഞതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും വീണ്ടും സൗഹൃദത്തിന്റെ പാതയിലേക്ക് തിരികെയത്താനുള്ള ശ്രമങ്ങൾ നടത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ മൂന്നര വർഷത്തിനൊടുവിൽ ജി.സി.സി രാജ്യങ്ങൾ ഖത്തറിനേർപ്പെടുത്തിയ ഉപരോധം നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തുർക്കിയുമായും സൗദി അടുക്കുമെന്ന സൂചനകൾ പുറത്തുവരുന്നത്.

സൗദി ഖത്തറിനേർപ്പെടുത്തിയ ഉപരോധം പിൻവലിച്ചത് തുർക്കിയുടെ പ്രസിഡന്റ് റജബ് ത്വയ്ബ് ഏർദോ​ഗാൻ സ്വാ​ഗതം ചെയ്തിരുന്നു. ​ഗൾഫ് മേഖലയിൽ ഞങ്ങളുടെ സ്ഥാനം വീണ്ടും പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തറിന് ഉപരോധം നീക്കിയതിന് പിന്നാലെ ഏർദോ​ഗാൻ പറഞ്ഞിരുന്നു.

ജി.സി.സി യോ​ഗത്തിന് മുന്നോടിയായി ഏർദോ​ഗാനും സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസും തമ്മിൽ ടെലഫോണിൽ സംസാരിച്ചിരുന്നു. അമേരിക്കയിലെ രാഷ്ട്രീയ മാറ്റങ്ങളും പുതിയ നീക്കത്തിന് കാരണമായി എന്നാണ് അന്തരാഷ്ട്ര നീരീക്ഷകർ പറയുന്നത്. ട്രംപിൽ നിന്നും വിഭിന്നമായ നയങ്ങളായിരിക്കും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റേത് എന്നത് കൊണ്ടു തന്നെ സൗദിക്ക് പുതിയ മാർ​ഗങ്ങൾ തേടേണ്ടത് അനിവാര്യമായി വന്നിരിക്കുകയാണ് എന്നാണ് നിരീക്ഷകർ പറയുന്നത്.

അറബ് വസന്തത്തിന്റെ സമയത്ത് മുസ് ലിം ബ്രദർഹുഡിന് തുർക്കി പിന്തുണ നൽകിയതു സൗദിയെ ചൊടിപ്പിച്ചിരുന്നു. എന്നാൽ വിഭിന്നതകൾ പരിഹരിച്ച് ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചാൽ ​ഗൾഫ് മേഖലയിലെ സമവാക്യങ്ങൾ വീണ്ടും മാറി മറയും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Turkey, Saudi Arabia eye improved ties after Gulf crisis ends