ഒമിക്രോണിനേക്കാള്‍ വളരെ അപകടകരമാണ് ഓ മിത്രോം: മോദിയെ പരിഹസിച്ച് ശശി തരൂര്‍
national news
ഒമിക്രോണിനേക്കാള്‍ വളരെ അപകടകരമാണ് ഓ മിത്രോം: മോദിയെ പരിഹസിച്ച് ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st January 2022, 5:09 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ഒമിക്രോണിനേക്കാള്‍ വളരെ അപകടകരമാണ് ഓ മിത്രോം എന്ന് അദ്ദഹം ട്വീറ്റിലൂടെ പറഞ്ഞു. വര്‍ധിച്ചുവരുന്ന ധ്രുവീകരണം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും ശശി തരൂര്‍ പറഞ്ഞു.

മോദി സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും വിദ്വേഷം പ്രചരിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഒമിക്രോണിനേക്കാള്‍ വളരെ അപകടകരമാണ് ഓ മിത്രോം. വര്‍ധിച്ചുവരുന്ന ധ്രുവീകരണം, വിദ്വേഷം, മതഭ്രാന്ത് എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതാണത്, ഭരണഘടനയ്‌ക്കെതിരായ വഞ്ചനാപരമായ ആക്രമണങ്ങള്‍, ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തല്‍ എന്നിവയുടെയൊക്കെ അനന്തരഫലങ്ങള്‍ ഞങ്ങള്‍ ഓരോ ദിവസവും അളക്കുകയാണ്,’ ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

നേരത്തെ ശശി തരൂര്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീഡിയോ പങ്കിടുകയും ധ്രുവീകരണമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് അദ്ദേഹം രാജ്യത്തിന് എത്രമാത്രം നാശമുണ്ടാക്കിയെന്ന് അറിയില്ല എന്നായിരുന്നു വീഡിയോ പങ്കുവെച്ച് തരൂര്‍ പറഞ്ഞത്.

അതേസമയം, ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനാവാല ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ രംഗത്ത് വന്നിരുന്നു. രാഷ്ട്രീയത്തിന് അതീതമായ കൊവിഡ് മഹാമാരിയെ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു.

‘കോണ്‍ഗ്രസിന് മഹാമാരിയെ രാഷ്ട്രീയത്തിന് അതീതമായി നിലനിര്‍ത്താന്‍ കഴിയുമോ? ആദ്യം കോണ്‍ഗ്രസ് കൊവിഡ് വാക്സിന്‍ താല്‍പര്യമില്ലാതെ പ്രചരിപ്പിച്ചു. ഇപ്പോള്‍ ഒമിക്രോണും അപകടകരമല്ലെന്ന് പറയുന്നു. കൊവിഡ് 19 ന്റെ തുടക്കത്തില്‍ അഖിലേഷ് പറഞ്ഞു, സി.എ.എ കൊവിഡിനേക്കാള്‍ അപകടകരമാണെന്ന്. ഈ ആളുകള്‍ക്ക് ഉത്തരവാദിത്തബോധം ഇല്ലേ?,’ ഷെഹ്സാദ് പൂനാവാല ട്വീറ്റ് ചെയ്തിരുന്നു.

Content Highlights: Om Mitron is more danger than Omicron; Sasi Theroor trolls Modi