ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും സി.പി.ഐ.എമ്മിനെയും ഇഷ്ടം; സുരേഷ് ഗോപിയെ പോലെ ആവണമെന്നില്ല: പി.ടി. ഉഷ
Kerala News
ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും സി.പി.ഐ.എമ്മിനെയും ഇഷ്ടം; സുരേഷ് ഗോപിയെ പോലെ ആവണമെന്നില്ല: പി.ടി. ഉഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th July 2022, 7:36 pm

കോഴിക്കോട്: തന്റെ രാജ്യസഭാ നോമിനേഷനെ വിമര്‍ശിച്ച സി.പി.ഐ.എം നേതാവ് എളമരം കരീമിന് മറുപടി നല്‍കാതെ ഒളിംപ്യന്‍ പി.ടി. ഉഷ. എളമരം കരീം താന്‍ ഏറെ ബഹുമാനിക്കുന്നയാളാണെന്ന് ഉഷ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. എളമരം കരീമിന് മറുപടിയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പി.ടി. ഉഷയുടെ മറുപടി.

നല്ലത് പറയുന്നവരും അല്ലാത്തവരുമുണ്ട്. അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. ഞാനിപ്പോഴും പഴയത് പോലെ തന്നെയാണ്. അതില്‍ പ്രത്യേകിച്ച് ഏറ്റക്കുറിച്ചലുകളൊന്നുമില്ല. രാജ്യസഭയിലേക്കെത്തും എന്നത് ഞാന്‍ പ്രതീക്ഷിക്കാത്ത കാര്യമാണ്. എളമരം കരീമിനെ ഞാന്‍ ബഹുമാനിക്കുകയും അടുത്തറിയുകയും ചെയ്യുന്ന നേതാവാണ്.

കഴിഞ്ഞ 30 വര്‍ഷമായി അദ്ദേഹത്തെ അറിയാം. ആര്‍ക്ക് ആരെക്കുറിച്ചും എങ്ങനെയും പറയാന്‍ അധികാരമുണ്ട്. അത് അങ്ങനയെ കാണുന്നുള്ളു. രാഷ്ട്രീയമല്ല സ്പോര്‍ട്സാണ് പ്രധാനം. പ്രധാനമന്ത്രിയുടെ ട്വീറ്റ് സന്തോഷിപ്പിച്ചു. തന്നെ പറ്റി രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് അങ്ങനെയൊരു അഭിപ്രായമുള്ളതില്‍ അഭിമാനമുണ്ടെന്നും ഉഷ പറഞ്ഞു.

ഓരോരുത്തരും വ്യത്യസ്ത വ്യക്തിത്വങ്ങളാണെന്നും താന്‍ സുരേഷ് ഗോപിയെ പോലെ ആവില്ലെന്നും ഉഷ പറഞ്ഞു. തനിക്ക് ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും സി.പി.ഐ.എമ്മിനെയും ഇഷ്ടമാണെന്നും പി.ടി. ഉഷ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മനുഷ്യാവകാശപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെയും മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാറിനെയും വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി ടൗണ്‍ഹാളില്‍ നടത്തിയ പ്രതിഷേധസദസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു എളമരം കരീമിന്റെ പരാമര്‍ശം. പി.ടി ഉഷയുടെ പേരുപറയാതെയായിരുന്നു പരാമര്‍ശം. സംഘപരിവാറിന് അനുകൂലമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നായിരുന്നു എളമരം കരീമിന്റെ പ്രതികരണം.

‘അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ വിരമിച്ചതിന്റെ അടുത്തമാസം രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തു.

ഇപ്പോള്‍ കേരളത്തില്‍നിന്നും ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു.
അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു,” എളമരം കരീം പറഞ്ഞു. ഏഷ്യാഡ് യോഗ്യതയ്ക്ക് പുറത്തുള്ള യോഗ്യതയാണ് തെളിയിച്ചതെന്നും എളമരം കരീം കൂട്ടിച്ചേര്‍ത്തു.