തിയേറ്ററുകളെ ഇളക്കി മറിച്ച ഓളെ മെലഡി വീഡിയോ ഗാനം പുറത്ത്
Film News
തിയേറ്ററുകളെ ഇളക്കി മറിച്ച ഓളെ മെലഡി വീഡിയോ ഗാനം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th August 2022, 6:25 pm

ടൊവിനോ തോമസ് നായകനായ തല്ലുമാലയിലെ പുതിയ ഗാനം പുറത്ത്. തിയേറ്ററുകളെ ഇളക്കി മറിച്ച ഓളെ മെലഡി എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ലിറിക്കല്‍ വീഡിയോ പുറത്ത് വന്നപ്പോള്‍ തന്നെ ഓളെ മെലഡി വലിയ ജനപ്രീതി നേടിയിരുന്നു.

ഹരിചരണ്‍ ശേഷാദ്രി, ബെന്നി ദയാല്‍, വിഷ്ണു വിജയ് എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. സലിം കുമാറും ഗാനരംഗങ്ങളില്‍ അതിഥി താരമായി എത്തിയിട്ടുണ്ട്. മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് ആണ് ഈണം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന തുപാത്തു എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു.

വന്‍ പ്രി റിലീസ് ഹൈപ്പുമായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഓഗസ്റ്റ് 12ന് തിയേറ്ററുകളിലെത്തിയ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 34 കോടിയാണ് ഇതുവരെ ചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മണവാളന്‍ വസിമായി ടൊവിനോ എത്തിയ ചിത്രത്തില്‍ ബിപാത്തു എന്ന വ്‌ളോഗറെയാണ് കല്യാണി അവതരിപ്പിച്ചത്. ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, ലുക്മാന്‍, ഓസ്റ്റിന്‍ അദ്രി ജോയ്, ജോണി ആന്റണി, ബിനു പപ്പു, ഗോകുലന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിങ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. പി.ആര്‍.ഒ- എ. എസ്. ദിനേശ്.

Content Highlight: ole melody video song from thallumaala