ഒരു നടനേക്കാള്‍ കൂടുതല്‍ നല്ല മനുഷ്യനാണ്; മമ്മൂട്ടിയുടെ കൂടെ ഒരു മലയാളം പടത്തില്‍ അഭിനയിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു; രജനീകാന്ത് മലയാളം സംസാരിക്കുന്ന വീഡിയോ വൈറലാവുന്നു
Entertainment news
ഒരു നടനേക്കാള്‍ കൂടുതല്‍ നല്ല മനുഷ്യനാണ്; മമ്മൂട്ടിയുടെ കൂടെ ഒരു മലയാളം പടത്തില്‍ അഭിനയിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു; രജനീകാന്ത് മലയാളം സംസാരിക്കുന്ന വീഡിയോ വൈറലാവുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th September 2021, 12:32 pm

തെന്നിന്ത്യയിലെ രണ്ട് താര അഭിനേതാക്കളാണ് മമ്മൂട്ടിയും രജനീകാന്തും. സമപ്രായക്കാരായ ഇരുവര്‍ക്കും മലയാളത്തിലും തമിഴിലുമായി സൂപ്പര്‍താര പരിവേഷമാണുള്ളത്.

ഇപ്പോള്‍ രജനീകാന്ത് മമ്മൂട്ടിയെക്കുറിച്ചും അവരുടെ സൗഹൃദത്തെക്കുറിച്ചും മലയാളത്തില്‍ സംസാരിക്കുന്ന ഒരു പഴയ വീഡിയോ ശ്രദ്ധ നേടുകയാണ്. വീഡിയോയില്‍ ദേശീയ അവാര്‍ഡ് നേടിയ മമ്മൂട്ടിയെ അഭിനന്ദിക്കുന്നതിനൊപ്പം മമ്മൂട്ടിക്കൊപ്പം മലയാളത്തില്‍ അഭിനയിക്കാനുള്ള താല്‍പര്യവും രജനീകാന്ത് വെളിപ്പെടുത്തുന്നുണ്ട്.

”മമ്മൂട്ടി എന്റെ നല്ല സ്‌നേഹിതനാണ്. ഒരു നടനേക്കാള്‍ കൂടുതലായി നല്ല മനുഷ്യനാണ്. ഭരത് അവാര്‍ഡ് കിട്ടിയതില്‍ മമ്മൂട്ടിയെ ഞാന്‍ അഭിനന്ദിക്കുന്നു. മമ്മൂട്ടിയുടെ കൂടെ ഒരു മലയാളം പടത്തില്‍ അഭിനയിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു,” എന്നാണ് രജനീകാന്ത് വീഡിയോയില്‍ പറയുന്നത്.

രജനീകാന്ത് സംസാരിച്ചതിന് പിന്നാലെ ഇരുവരുടെയും ‘ദളപതി’ എന്ന സിനിമയിലെ രംഗങ്ങളും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍ എന്നീ സിനിമകളിലെ അഭിനയത്തിനായിരുന്നു 1989ല്‍ മമ്മൂട്ടിക്ക് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത്. പിന്നീട് 1994ലും 199ലും ദേശീയ അവാര്‍ഡ് നേടി.


1991ല്‍ പുറത്തിറങ്ങിയ ദളപതി എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുള്ളത്.

ഇതിനിടെ മമ്മൂട്ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘നക്ഷത്രങ്ങളുടെ രാജകുമാരന്‍’ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. തോമസ് ടി. കുഞ്ഞുമോന്‍ ദൂരദര്‍ശന് വേണ്ടി ഒരുക്കിയ 20 വര്‍ഷത്തോളം പഴക്കമുള്ള ഡോക്യുമെന്ററിയാണിത്. ദൂരദര്‍ശന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡോക്യുമെന്ററി പുറത്തുവിട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Old video of Rajanikanth talking about Mammootty goes viral