എത്ര വലിയ ചിത്രങ്ങളായാലും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളെന്നത് മലയാളികള്‍ക്കെന്നും ഹരമാണ്. ഇരുവരും ഒന്നിച്ചെത്തുക കൂടി ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടാകുന്ന സന്തോഷം എപ്പോഴും ഒരുപടി മുകളിലാണ്. ഇതിനുള്ള അവസരമൊരുക്കി കൊണ്ടാണ് മെയ് ഒന്നിന് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പേട്രിയറ്റ് തിയേറ്ററുകളിലേക്കെത്തുന്നത്.

മലയാളത്തിലെ പകരംവെക്കാനില്ലാത്ത രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രമായിരുന്നിട്ട് കൂടി പേട്രിയറ്റിന് പ്രേക്ഷകര്‍ക്കിടയില്‍ വേണ്ടത്ര ഹൈപ്പ് സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെ ഈ ആക്ഷേപങ്ങളില്‍ ഏറിയ പങ്കും അസ്തമിച്ചിരുന്നു. രണ്ട് തിയേറ്ററുകളിലായി മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സാന്നിധ്യത്തിലായിരുന്നു പേട്രിയറ്റിന്റെ ട്രെയ്‌ലര്‍ ലോഞ്ച് നടത്തിയിരുന്നത്.

പേട്രിയറ്റ്. Photo: IMDB

ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ വലിയ വിജയമാകുകയും നിരൂപക പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത ചിത്രത്തിന്റെ സംവിധായകര്‍ 2026 ല്‍ തങ്ങള്‍ കാത്തിരിക്കുന്ന ചിത്രം പേട്രിയറ്റാണെന്ന് പറഞ്ഞ പഴയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ക്ലബ്ബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് തരുണ്‍ മൂര്‍ത്തി, ഡൊമിനിക് അരുണ്‍, ജോഫിന്‍.ടി.ചാക്കോ, ജിത്തു അഷ്‌റഫ് തുടങ്ങിയവര്‍ തങ്ങള്‍ 2026ല്‍ കാത്തിരിക്കുന്ന ചിത്രം പേട്രിയറ്റാണെന്ന് പ്രതികരിച്ചത്.

താന്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രം പേട്രിയറ്റാണെന്നും മഹേഷ് നാരായണന്‍ എങ്ങനെയാണ് മോഹന്‍ലാലിനെയും മമ്മൂട്ടിയയെും മറ്റ് താരങ്ങളെയും ഉപയോഗിക്കുന്നതെന്ന് കാണാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ സംവിധായകനായ ജിത്തു അഷ്‌റഫ് പറഞ്ഞത്. നമ്മുടെ ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച രണ്ട് താരങ്ങള്‍ ഒന്നിക്കുന്ന ചിത്രം കാണാന്‍ ആഗ്രഹമുണ്ടെന്ന് ലോകഃയുടെ സംവിധായകന്‍ ഡൊമിനിക് അരുണ്‍ പറഞ്ഞപ്പോള്‍ ഇത് തന്നെയായിരുന്നു തരുണിന്റയും ജോഫിന്‍.ടി.ചാക്കോയുടെയും അഭിപ്രായം.

പേട്രിയറ്റ്. Photo: X.com

മലയാള സിനിമാ ചരിത്രത്തില തന്നെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന പേട്രിയറ്റിന്റെ ബജറ്റ് ഏകദേശം 120 കോടിയോളമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ ബിഗ് എം.സിന് പുറമെ നയന്‍താര, ദര്‍ശന രാജേന്ദ്രന്‍, രേവതി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Old video of director saying they are excited for Patriot movie