30 വര്‍ഷം മുമ്പുള്ള ഡയലോഗ് ഇപ്പോഴും ട്രെന്‍ഡ്, ലോകഃയിലെ പഴയകാല റഫറന്‍സ് കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ
Malayalam Cinema
30 വര്‍ഷം മുമ്പുള്ള ഡയലോഗ് ഇപ്പോഴും ട്രെന്‍ഡ്, ലോകഃയിലെ പഴയകാല റഫറന്‍സ് കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th November 2025, 6:43 pm

തിയേറ്ററുകളില്‍ ചരിത്രവിജയം നേടി ഒ.ടി.ടിയിലെത്തിയിരിക്കുകയാണ് ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ചിത്രം ലോകഃ ചാപ്റ്റര്‍ വണ്‍. ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രം ഒ.ടി.ടിയില്‍ സ്ട്രീം ചെയ്യുന്നത്. ഒ.ടി.ടിയിലെത്തിയ ശേഷം ചിത്രത്തിലെ ഡയറക്ടര്‍ ബ്രില്യന്‍സുകളും പഴയകാല റഫറന്‍സുകളും കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ സിനിമഫൈലുകള്‍.

രണ്ടാം പകുതിയില്‍ നസ്‌ലെന്‍ തന്റെ അച്ഛനുമായി നടത്തുന്ന ഫോണ്‍ സംഭാഷണത്തിനിടെ പഴയകാല സിനിമയിലെ ഡയലോഗ് ലോകഃ ടീം പൊടി തട്ടിയെടുത്തെന്നാണ് സിനിമാപ്രേമികള്‍ കണ്ടെത്തിയത്. ഒരു കമ്പനിയുമായി മീറ്റിങ്ങുണ്ടായിരുന്നെന്നും അതിനാലാണ് ഫോണെടുക്കാത്തതെന്നും സണ്ണി പറയുന്നുണ്ട്.

‘കമ്പനിയുടെ പേര് പറഞ്ഞാല്‍ പപ്പയ്ക്ക് അറിയില്ല, കമ്പനിയുടെ പേര് ബ്രിട്ടോളി’ എന്നായിരുന്നു സണ്ണിയുടെ ഡയലോഗ്. എന്നാല്‍ ഈ ബ്രിട്ടോളി എന്ന പേര് 30 വര്‍ഷം മുമ്പ് ഒരു ഹിറ്റ് സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. 1995ല്‍ പുറത്തിറങ്ങിയ ശിപായി ലഹള എന്ന ചിത്രത്തിലാണ് ബ്രിട്ടോളി എന്ന പേര് ആദ്യമായി ഉപയോഗിച്ചത്.

ചിത്രത്തിലെ നായകനായ മുകേഷിന്റെ രാജേന്ദ്രന്‍ എന്ന കഥാപാത്രം ജോലി ചെയ്യുന്ന കമ്പനിയുടെ പേരാണ് ബ്രിട്ടോളി. മുകേഷിന്റെ കഥാപാത്രത്തെ ഈ പേര് വിളിച്ച് പലരും കളിയാക്കുന്ന സീനുകള്‍ ചിത്രത്തിലുണ്ട്. ലോകഃയിലെ സീനിന് ശേഷം ശിപായി ലഹളയിലെ ഡയലോഗും മിക്‌സ് ചെയ്ത വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇതിന് പുറമെ ചിത്രത്തിലെ ചില ഡയറക്ടര്‍ ബ്രില്യന്‍സും സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചിട്ടുണ്ട്. അതുവരെ പാവമായി നിന്ന നസ്‌ലെന്‍ ക്ലൈമാക്‌സ് സീനില്‍ വില്ലനെ വെടിവെക്കുന്ന രംഗത്തിനുള്ള ഡീറ്റെയിലിങ് സിനിമയുടെ തുടക്കത്തിലേ നല്കുന്നുണ്ടെന്നാണ് കണ്ടുപിടിച്ചത്. ആദ്യത്തെ പാട്ടിനിടയില്‍ നസ്‌ലെന്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് കൃത്യമായി വെടിവെക്കുന്ന രംഗം ക്ലൈമാക്‌സിനുള്ള സൂചനയാണെന്നാണ് ഒ.ടി.ടി വിദഗ്ധര്‍ കണ്ടുപിടിച്ചത്.

അഞ്ച് ഭാഗങ്ങളുള്ള ലോകഃ ഫ്രാഞ്ചൈസിന്റെ വരും ഭാഗങ്ങളുടെ സൂചന ടൈറ്റില്‍ എഴുതുമ്പോഴുള്ള അനിമേഷന്‍ സീക്വന്‍സില്‍ കാണിക്കുന്നുണ്ടെന്നും ചിലര്‍ കണ്ടുപിടിച്ചു. മൂത്തോനായി മമ്മൂട്ടിയും ഒടിയനായി ദുല്‍ഖറുമെല്ലാം ഈ അനിമേഷന്‍ രംഗത്തില്‍ വന്നുപോകുന്നുണ്ട്. ഇനിയും ഒരുപാട് ബ്രില്യന്‍സുകള്‍ ചിത്രത്തില്‍ നിന്ന് പലരും കണ്ടെത്തിയേക്കുമെന്നാണ് കണക്കുകൂട്ടല്‍.

Content Highlight: Old dialogue from Sipayi Lahala movie in Lokah found by social media