കൊടകരയില്‍ ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന പഴയകെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് മരണം
Kerala
കൊടകരയില്‍ ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന പഴയകെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th June 2025, 9:20 am

തൃശൂര്‍: കൊടകരയില്‍ ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് മരണം. പശ്ചിമബംഗാള്‍ സ്വദേശികളായ  രാഹുൽ, (19) രൂപേൽ (21), ആലീം (30) എന്നിവരാണ്  മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആദ്യം പുറത്തെടുത്തത് രൂപേലിനെയാണ്. പുറത്തെടുത്തതിന് പിന്നാലെ മൂവരും മരണപ്പെടുകയായിരുന്നു.

കെട്ടിടത്തില്‍ 17 പേരാണ് താമസിച്ചിരുന്നത്. 14 പേര്‍ ഓടി രക്ഷപ്പെട്ടു എന്നാണ് വിവരം. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാദൗത്യം തുടരുകയാണ്.

ഇന്ന് രാവിലെയായിരുന്നു അപകടം. കൊടകര ടൗണില്‍ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്.

കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. ഇവര്‍ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. വലിയ ശബ്‍ദം കേട്ടതിനെ തുടർന്ന് കുറച്ച് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. ഓട് മേഞ്ഞ ഇരുനില കെട്ടിടമാണ് തകർന്നു വീണത്. 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം ആണ് ഇടിഞ്ഞ് വീണത്. ഇന്നലെ രാത്രി സംഭവ സ്ഥലത്ത് ശക്തമായ മഴ പെയ്തിരുന്നു.

പഞ്ചായത്തിന്റെ അനുമതി വാങ്ങാതെയായിരുന്നു തൊഴിലാളികളെ കെട്ടിടത്തിൽ പാർപ്പിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് പറഞ്ഞു. യാതൊരുവിധ മെയ്ന്റെനൻസും നടത്താത്ത ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത കെട്ടിടത്തിലായിരുന്നു ഇവരെ താമസിപ്പിച്ചത്.

Content Highlight: Old building where migrant workers were staying collapsed in Kodakara; two dead