ന്യൂദൽഹി: ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമായ ഒ.കെ. ജോണി ബുദ്ധമതം സ്വീകരിച്ചു. ബീഹാറിലെ ഭിക്ഷു സംഘത്തിന്റെ ബോധ്ഗയയിലെ ആസ്ഥാനത്തു നടന്ന ചടങ്ങിൽ അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കൗൺസിൽ അധ്യക്ഷൻ ഭിക്ഷു പ്രഗ്യാദീപാണ് ജോണിയെ ബുദ്ധിസത്തിലേക്ക് നയിച്ചത്.

ചെറുപ്പകാലത്ത് തന്നെ തനിക്ക് ബുദ്ധമതത്തോട് ആഭിമുഖ്യം ഉണ്ടായിരുന്നവെന്നും ഹെർമൻ ഹെസ്സയുടെ ‘സിദ്ധാർത്ഥ’ എന്ന നോവൽ വായിച്ചതിനു ശേഷമാണ് തനിക്ക് ബുദ്ധമതത്തോടുള്ള ആഭിമുഖ്യം വർദ്ധിക്കുന്നതെന്നും ജോണി ഡൂൾ ന്യൂസിനോട് പറഞ്ഞു.
‘പണ്ട് മുതൽ തന്നെ എനിക്ക് ബുദ്ധമതത്തോടു താൽപ്പര്യം ഉണ്ടായിരുന്നു. ഹെർമൻ ഹെസ്സയുടെ ‘സിദ്ധാർത്ഥ’ എന്ന നോവൽ വായിക്കുന്നത് മുതലാണ് എനിക്ക് ആ ആഭിമുഖ്യം തുടങ്ങുന്നത്. ബുദ്ധിസം എന്നത് സത്യം പറഞ്ഞാൽ ഒരു മതമല്ല. ദൈവം എന്ന് പറഞ്ഞൊരു സങ്കൽപ്പം തന്നെയില്ല ബുദ്ധമതത്തിൽ. ദൈവത്തെ നിരാകരിക്കുന്ന ഒരു തത്വചിന്തയാണ്, ദർശനപദ്ധതിയാണ് ബുദ്ധിസം.’ ഒ.കെ. ജോണി പറയുന്നു.
‘മതത്തേയും ദൈവത്തേയും ഉപയോഗിച്ച് മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ഒരു നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ബുദ്ധിസത്തിലുള്ള എന്റെ വിശ്വാസം ഇപ്പോൾ പരസ്യമാക്കുന്നതിനു കാരണം അതാണ്. ഇത് സത്യത്തിൽ ഒരു രാഷ്ട്രീയ പ്രഖ്യാപനമാണ്.’ ഒ.കെ. ജോണി ഡൂൾ ന്യൂസിനോട് പറഞ്ഞു.
മതങ്ങളുടെ ഹിംസാത്മകതക്കെതിരായ ഒരു ചേഷ്ട കൂടിയാണ് ദൈവത്തെ അംഗീകരിക്കാത്ത ബുദ്ധമതത്തിലേയ്ക്കുള്ള തന്റെ പരിവർത്തനമെന്നും ജോണി പറഞ്ഞു. ദൽഹിയിലേയും കേരളത്തിലേയും ജോണിയുടെ സുഹൃത്തുക്കൾ ചടങ്ങിൽ പങ്കെടുത്തു. ഒ.കെ.ജോണി ഇപ്പോൾ പാറ്റ്നയിലാണ് ഉള്ളത്.