ഇക്കൊല്ലത്തെ ഓണം റിലീസില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ഒറ്റ ചിത്രത്തിലൂടെ തന്റെ കഴിവ് തെളിയിച്ച അല്‍ത്താഫ് സലിമാണ് ഓടും കുതിര ചാടും കുതിര സംവിധാനം ചെയ്യുന്നത്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായികയായെത്തുന്നത്. ആവേശത്തിന് ശേഷം ഫഹദ് അഭിനയിക്കുന്ന മലയാള സിനിമയാണ് ഇത്.
ഇപ്പോഴിതാ ചിത്രത്തിന്റെ കളര്‍ഫുള്‍ ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കോമഡിയും റൊമാന്‍സും സസ്പന്‍സുമായി ഈ ഓണം ഫഹദും കൂട്ടരും തൂക്കുമെന്ന് ഉറപ്പുനല്‍കുന്ന ട്രെയ്ലറാണ് പുറത്തുവന്നിരിക്കുന്നത്. ഫണ്‍ മൂഡില്‍ പോകുന്ന ട്രെയ്ലര്‍, എന്നാല്‍ കഥ എന്താണെന്ന് യാതൊരു വിധ സൂചനയും പ്രേക്ഷകന് നല്‍കുന്നില്ല.
ഒരു വെള്ള കുതിരയും അതിന് ചുറ്റിപ്പറ്റിയുള്ള പ്രണയവും പൊല്ലാപ്പുകളുമാണ് ട്രെയ്ലര്‍ കാണിക്കുന്നത്. ആവേശം പോലെ ഒരു അടിമുടി എന്റര്‍ടൈനര്‍ പടമായിട്ടാണ് ഫഹദ് ഇക്കൊല്ലവും എത്തുന്നതെന്നാണ് പ്രതീക്ഷ. ഓണം റിലീസായി ഓഗസ്റ്റ് 29നാണ് ഓടും കുതിര ചാടും തിയേറ്ററുകളിലേക്ക് എത്തുക.
ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായിക് ആണ്. ഫഹദിനും കല്യാണിയ്ക്കും പുറമെ ധ്യാന്‍ ശ്രീനിവാസന്‍, ലാല്‍, വിനയ് ഫോര്‍ട്ട്, രേവതി പിള്ള, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
കല്യാണിയുടേതായി ഈ ഓണത്തിന് രണ്ട് മലയാളം സിനിമകളാണ് തിയേറ്ററിലെത്താന്‍ ഒരുങ്ങുന്നത്. ലോകഃ ചാച്റ്റര്‍ വണ്‍: ചന്ദ്രയിലും ഓടും കുതിര ചാടും കുതിരയിലും കല്യാണി തന്നെയാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.
Content Highlight: Odum Kuthira Chadum Kuthira Movie Trailer Is Out