ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ വനിത കമീഷന്‍ കേസെടുത്തു
kERALA NEWS
ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ വനിത കമീഷന്‍ കേസെടുത്തു
ന്യൂസ് ഡെസ്‌ക്
Thursday, 21st March 2019, 6:58 pm

കൊല്ലം: ഓച്ചിറയില്‍ മാതാപിതാക്കളെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വനിത കമീഷന്‍ സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമീഷനും കേസെടുത്തിരുന്നു.കേസിലെ പ്രതികള്‍ക്കെതിരെ പേക്‌സോയും ചുമത്തിയിരുന്നു.

അതി ഗൗരവമുള്ള സംഭവമായതിനാല്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും വനിത കമീഷന്‍ അംഗം എം.എസ്.താര കൊല്ലം ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

മുഖ്യ പ്രതി മുഹമ്മദ് റോഷന്‍, ബിബിന്‍, അനന്തു, പ്യാരി എന്നിവര്‍ക്കെതിരെയാണ് പോക്സോ ചുമത്തിയത്. നിലവില്‍ ബിബിന്‍, അനന്തു, പ്യാരി എന്നിവരാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്. മുഹമ്മദ് റോഷനെ ഇതുവരെയും കണ്ടെത്താനായില്ല. തട്ടിക്കൊണ്ടുപോകല്‍, ബാലപീഡനം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ALSO READ: ശമ്പളകുടിശ്ശികയോ നഷ്ടപരിഹാര പാക്കേജോ നടപ്പിലാക്കിയില്ല; തേജസ് ദിനപത്രത്തിന്റെ ഓഫീസിലേക്ക് മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധമാര്‍ച്ച്

റോഷനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊല്ലം ഓച്ചിറയില്‍ വച്ചായിരുന്നു മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം പതിമൂന്നുകാരിയെ തട്ടികൊണ്ടു പോയത്.

രാജസ്ഥാന്‍ സ്വദേശികളായ ഇവര്‍ ഇവിടെ വഴിയോരക്കച്ചവടം നടത്തിവരികയാണ്. കച്ചവടം നടത്തുന്ന സ്ഥലത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള ഷെഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. അവിടെ കയറിയാണ് നാലംഗ സംഘം മകളെ തട്ടികൊണ്ടുപോയത്.