ഞാനും രജിഷയും ആ സിനിമക്ക് വേണ്ടി കക്ക പെറുക്കാനും അത് ക്ലീന്‍ ചെയ്യാനുമൊക്കെ പഠിച്ചു: അനുപമ പരമേശ്വരന്‍
Entertainment
ഞാനും രജിഷയും ആ സിനിമക്ക് വേണ്ടി കക്ക പെറുക്കാനും അത് ക്ലീന്‍ ചെയ്യാനുമൊക്കെ പഠിച്ചു: അനുപമ പരമേശ്വരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th June 2025, 10:06 am

 

മാരി സെല്‍വരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് വരാനിരിക്കുന്ന ഒരു സ്പോര്‍ട്സ് ഡ്രാമ ചിത്രമാണ് ബൈസണ്‍. ചിത്രത്തില്‍ ധ്രുവ് വിക്രം, അനുപമ പരമേശ്വരന്‍, രജിഷ വിജയന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. വാഴൈ എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബൈസണ്‍.

ഇപ്പോള്‍ സിനിമയെ കുറിച്ചും മാരി സെല്‍വരാജിനെ കുറിച്ചും സംസാരിക്കുകയാണ് അനുപമ പരമേശ്വരന്‍. താനും രജിഷ വിജയനും സിനിമയിലുണ്ടെന്നും ബൈസണ്‍ എന്ന സിനിമക്ക് വേണ്ടി ഇതുവരെ ചെയ്ത് ശീലിക്കാത്ത ഒരു പരിചയവുമില്ലാത്ത കുറെ കാര്യങ്ങള്‍ തങ്ങള്‍ പഠിച്ചുവെന്നും അനുപമ പറയുന്നു. കക്ക പെറുക്കാനും അത് ക്ലീന്‍ ചെയ്യാനും ഇഷ്ടിക ഉണ്ടാക്കാനുമൊക്കെ തങ്ങള്‍ പഠിച്ചുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഈ സിനിമ ഒരു ഗ്രാമത്തിലാണ് ഷൂട്ട് ചെയ്തതെന്നും മാരി സെല്‍വരാജിന്റെ നാട്ടിലുള്ള പല ആളുകളും തന്നെയാണ് സിനിമയില്‍ അഭിനയിച്ചിട്ടുള്ളതെന്നും അനുപമ പരമേശ്വരന്‍ പറയുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ ഇത്ര റിയലസ്റ്റിക്കാവാന്‍ കാരണങ്ങള്‍ ഇതൊക്കെയാണെന്നും വളരെ പാഷനേറ്റായ ഹാര്‍ഡ് വര്‍ക്കിങ്ങായ ഒരു സവിധായകനാണ് മാരി സെല്‍വരാജെന്നും അവര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വി.യോട് സംസാരിക്കുകയായിരുന്നു അനുപമ പരമേശ്വരന്‍.

ബൈസണില്‍ ഞാനുമുണ്ട് രജിഷ വിജയനും ഉണ്ട്. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് തന്നെയായിരുന്നു. ഈ സിനിമക്ക് വേണ്ടി നമുക്ക് ഒരു പരിചയവുമില്ലാത്ത കുറെ പരിപാടികളും കാര്യങ്ങളുമൊക്കെ പഠിക്കേണ്ടി വന്നു. കക്ക പെറുക്കാനും കക്ക ക്ലീന്‍ ചെയ്യാനും ഇഷ്ടിക ഉണ്ടാക്കനുമൊക്കെ പഠിച്ചു. അങ്ങനെ ഒരുപാട് അറിയാത്ത കാര്യങ്ങള്‍ പഠിക്കുക ഉണ്ടായി.

പിന്നെ ഇതൊരു ഗ്രാമത്തിലാണ് ഷൂട്ട് ചെയ്തത്. ആ ഗ്രാമത്തിലെ മാരി സാറിന്റെ നാട്ടിലെ ആളുകള്‍ തന്നെയായിരുന്നു അതില്‍ അഭിനയിച്ചത്. അതുകൊണ്ടാണ് ആളിന്റെ സിനിമകള്‍ എടുത്ത് നോക്കിയാല്‍ ഓരോ കഥാപാത്രങ്ങളും ഭങ്കര റിയലസ്റ്റിക് ആയിരിക്കും. ആ സീക്രട്ട് അതാണ്. അതുപോലെ വളരെ പാഷനേറ്റും ഹാര്‍ഡ് വര്‍ക്കിങ്ങും ആയിട്ടുള്ള ഒരു ഡയറക്ടറാണ് മാരി സാര്‍്,’ അനുപമ പരമേശ്വരന്‍ പറയുന്നു.

Content Highlight: Anupama Parameswaran about her  upcoming film Bison and director Mari Selvaraj.