ടെഹ്റാന്‍: യു.എസുമായുള്ള ആണവചര്‍ച്ചയ്ക്ക് സമ്മതം അറിയിച്ചുകൊണ്ട് ഇറാന്‍ മറുപടി നല്‍കിയതായി റിപ്പോര്‍ട്ട്. പരമാവധി സമ്മര്‍ദ്ദത്തിലും സൈനിക ഭീഷണിയിലും അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടില്ല എന്ന് വ്യക്തമാക്കിയ ഇറാന്‍ വേണമെങ്കില്‍ മുന്‍കാലങ്ങളിലെപ്പോലെ യു.എസുമായി പരോക്ഷമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി.
ഒമാന്‍ വഴി മറുപടി അയച്ചതായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചിയെ ഉദ്ധരിച്ചതാണ് ഇറാന്‍ സ്റ്റേറ്റ് മീഡിയ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തത്. ട്രംപ് ഇറാനെതിരെ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തില്‍, യു.എസ് ഭരണകൂടവുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് ഇറാന്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
യു.എസില്‍നിന്നുള്ള സൈനിക ഭീഷണികളും സാമ്പത്തിക ഉപരോധങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, പരമാവധി സമ്മര്‍ദ്ദത്തില്‍ നിന്ന് ഞങ്ങള്‍ അമേരിക്കയുമായി നേരിട്ട് ചര്‍ച്ച നടത്തില്ല,’ വിദേശകാര്യ മന്ത്രി പറഞ്ഞു.
എന്നിരുന്നാലും, മുന്‍കാലങ്ങളില്‍ നടന്ന അതേ രീതിയില്‍ തന്നെ പരോക്ഷ ചര്‍ച്ചകള്‍ തുടരാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കരാറുമായി ബന്ധപ്പെട്ട് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളുമായും മറ്റ് തത്പര രാജ്യങ്ങളുമായും ഇതിനകം ചര്‍ച്ചകളും കൂടിയാലോചനകളും നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് ആദ്യവാരമാണ് ആണവക്കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച് ഇറാന്‍ പരമോന്നത് നേതാവ് ആയത്തൊള്ള ഖമനേനിക്ക് കത്തയച്ചതായി ട്രംപ് വെളിപ്പെടുത്തിയത്. ഇറാനെ കൈകാര്യം ചെയ്യാന്‍ രണ്ട് വഴികളാണ് ഉള്ളതെന്നും അതില്‍ ഒന്ന് സൈനികമായും അല്ലെങ്കില്‍ കരാറില്‍ ഒപ്പിടുകയാണെന്നും അതിനാല്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ട്രംപ് പറഞ്ഞത്.
എന്നാല്‍ ട്രംപിന്റെ നിര്‍ദേശം തള്ളിയ ഖമനേനി അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകളും നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി. അമേരിക്ക കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ല ഇത്തരം ഭീഷണിപ്പെടുത്തുന്ന സര്‍ക്കാരുകള്‍ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.