ഇലോണ്‍ മസ്‌കിന് ട്വിറ്റര്‍ നടത്താന്‍ കഴിയാത്ത പോലെ അംബാനിക്ക് ലോകകപ്പ് സ്ട്രീമിങ്ങും സുഗമമാക്കാനാകില്ല: എന്‍.എസ്. മാധവന്‍
Kerala News
ഇലോണ്‍ മസ്‌കിന് ട്വിറ്റര്‍ നടത്താന്‍ കഴിയാത്ത പോലെ അംബാനിക്ക് ലോകകപ്പ് സ്ട്രീമിങ്ങും സുഗമമാക്കാനാകില്ല: എന്‍.എസ്. മാധവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st November 2022, 5:58 pm

ന്യൂദല്‍ഹി: ഖത്തര്‍ ലോകകപ്പ് തത്സമയം സ്ട്രീമിങ്ങ് ചെയ്യുന്ന ആപ്പായ ‘ജിയോ സിനിമ’ക്കെതിരെ വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍.

കോടീശ്വരനായ ഇലോണ്‍ മസ്‌കിന് ട്വിറ്റര്‍ സുഗമമായി നടത്താന്‍ കഴിയാത്തത് പോലെ മറ്റൊരു കോടിശ്വരനായ മുകേഷ് അംബാനിക്ക് ലോകകപ്പും തടസങ്ങളില്ലാതെ സ്ട്രീമിങ് ചെയ്യാനാകില്ലെന്നാണ് എന്‍.എസ്. മാധവന്‍ പറഞ്ഞു.

ഞായറാഴ്ച ലോകകപ്പിലെ ആദ്യ മത്സരമായ ഖത്തര്‍- ഇക്ഡോര്‍ പോരാട്ടം പുരോഗമിക്കുമ്പോള്‍ ജിയോ സിനിമയിലെ ബഫറിങ് പ്രശ്‌നം ആളുകള്‍ ഉന്നയിക്കുമ്പോഴായിരുന്നു എന്‍.എസ്. മാധവന്റെ പ്രതികരണം.

‘ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളായ മുകേഷ് അംബാനിക്ക് തന്റെ ക്രൂരമായ ജിയോ ആപ്പ് ഉപയോഗിച്ച് ലോകകപ്പ് സ്ട്രീമിങ് സുഗമമായി നടത്താന്‍ കഴിയില്ല.

ലോകത്തിലെ മറ്റൊരു വലിയ ധനികനായ ഇലോണ്‍ മസ്‌കിന് ഒരു മൈക്രോബ്ലോഗിംഗ് ആപ്പ് പ്രവര്‍ത്തിപ്പിക്കാനാകാത്ത പോലെ,’ എന്നാണ് എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തത്.

ബഫറിങ് കാരണം മത്സരം ശരിയായി കാണാനാകുന്നില്ലെന്നായിരുന്നു ആപ്പിനെതിരെ ഉപയോക്താക്കള്‍ പരാതി പറഞ്ഞിരുന്നത്. ആപ്പിന്റെ ഉടമസ്ഥന്‍ മുകേഷ് അംബാനിക്കെതിരെയും സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

‘കാശുണ്ടായിട്ടു കാര്യമില്ല. മര്യാദക്കുള്ള ആപ്പ് ഉണ്ടാക്കണം. മനുഷ്യര്‍ക്ക് തടസമില്ലാതെ കളി കാണാന്‍ പറ്റണം.

ഇത് പഴയ 2ജി നെറ്റുവര്‍ക്കില്‍ വീഡിയോ കാണാന്‍ ശ്രമിക്കുന്നത് പോലുണ്ട്. നമ്മുടെ DD ചാനല്‍ ഒക്കെ എത്ര കിടുവായിരുന്നു എന്ന് നാട്ടുകാരെ കൊണ്ട് പറയിക്കരുത്.

ജിയോ വേള്‍ഡ് കപ്പ് ഇന്ത്യക്കാര്‍ക്കായി നശിപ്പിക്കാന്‍ അംബാനി കേണ്ട്രാക്റ്റ് എടുത്തപോലുണ്ട്,’ തുടങ്ങിയ വിമര്‍ശനങ്ങളും ട്രോളുകളുമാണ് ആപ്പിനെതിരെ വന്നുകൊണ്ടിരിക്കുന്നത്.

ഒ.ടി.ടി വിപണിയിലെ അവസരങ്ങള്‍ മുന്നില്‍ കണ്ടാണ് ജിയോ സിനിമ ആപ്പിലൂടെ വിയാകോം 18 ഖത്തര്‍ ലോകകപ്പ് സൗജന്യമായി സംപ്രേഷണം ചെയ്യുന്നത്. ഇതാദ്യമായാണ് രാജ്യത്ത് സൗജന്യ സ്ട്രീമിങ് അനുവദിക്കുന്നത്.

സൗജന്യ സ്ട്രീമിങ് ലഭിക്കുന്നതോടെ നിബന്ധനകള്‍ ഇല്ലാതെ തന്നെ എല്ലാ ടെലികോം ഉപഭോക്താക്കള്‍ക്കും മത്സരങ്ങള്‍ കാണാന്‍ സാധിക്കാവുന്നതാണ്. പ്രധാനമായും പരസ്യ വിപണിയെ ലക്ഷ്യമിട്ടാണ് ഇത്തരം സേവനങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. ഏകദേശം 300 കോടിയോളം രൂപ പരസ്യ വരുമാനമായി ലഭിക്കുമെന്നാണ് വിലയിരുത്തല്‍.