കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം മൂന്ന് ട്രില്യൺ രൂപയിലേക്ക് അടുക്കുന്നു; റിപ്പോർട്ട്
Kerala News
കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം മൂന്ന് ട്രില്യൺ രൂപയിലേക്ക് അടുക്കുന്നു; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th May 2025, 11:17 am

തിരുവനന്തപുരം: കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം മൂന്ന് ട്രില്യൺ രൂപയിലേക്ക് അടുക്കുന്നതായി റിപ്പോർട്ട് പുറത്ത് വിട്ട് ആർ.ബി.ഐ. 2024 ഡിസംബർ 31 ലെ കണക്കനുസരിച്ച് പ്രവാസി നിക്ഷേപങ്ങൾ 2,86,063 കോടി രൂപയായതായി ആർ.ബി.ഐ പറഞ്ഞു. മുൻ വർഷത്തേക്കാൾ ഏകദേശം 24,000 കോടി രൂപ കൂടുതലാണിത്. ഈ കണക്കനുസരിച്ച് വർഷം തോറും 9.4% വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷത്തെ ജനുവരി-മാർച്ച് പാദത്തിലെ ഡാറ്റ ഇതുവരെ ആർ.ബി.ഐ പുറത്തുവിട്ടിട്ടില്ല.

പ്രവാസി ഇന്ത്യക്കാർ (NRI) ഇന്ത്യയിൽ സൂക്ഷിക്കുന്ന വിദേശ കറൻസിയിലുള്ള ബാങ്ക് അക്കൗണ്ടുകളാണ് എൻ.ആർ നിക്ഷേപങ്ങൾ. കുടുംബത്തിനായി അവർ പണമയക്കുന്ന അക്കൗണ്ടിൽ നിന്ന് നിന്ന് വ്യത്യസ്തമാണ് ഇത്.  ഉയർന്ന പലിശ നിരക്കുകളും ആനുകൂല്യങ്ങളും കാരണം എൻ.ആർ.ഐകൾ അയയ്ക്കുന്ന പണത്തിന്റെ വലിയൊരു ഭാഗം ഈ അക്കൗണ്ടുകളിലാണ് എത്തുന്നത്.

ഈ നിക്ഷേപങ്ങളിലെ തുക വർധിച്ചുകൊണ്ടിരിക്കുകയാണ്. 2014 ഡിസംബറിൽ കേരളത്തിൽ ഒരു ട്രില്യൺ രൂപയുടെ എൻ.ആർ നിക്ഷേപം എത്തിയിരുന്നു. 2020 മാർച്ചോടെ ആ തുക ഇരട്ടിയായി. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മാത്രം ഒരു ട്രില്യൺ രൂപ കൂടി കൂടി വർധിച്ചിട്ടുണ്ട്.

ഈ വളർച്ചയ്ക്ക് ഒരു പ്രധാന കാരണം ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 75.71 രൂപയിൽ നിന്ന് 85.45 രൂപയായി കുറഞ്ഞു. അതായത് 13% കുറവ് ഉണ്ടായി. ഇതിനർത്ഥം ഇന്ത്യയിലേക്ക് അയയ്ക്കുന്ന ഓരോ ഡോളറും രൂപയിൽ കൂടുതൽ മൂല്യമുള്ളതാണെന്നും ഇത് കൂടുതൽ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നുമാണ്.

കൊവിഡ് മഹാമാരിക്ക് ശേഷം പണമയക്കലിൽ 19–20 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതൽ എൻ.ആർ.ഐ പണം എത്തുന്നത് മഹാരാഷ്ട്രയിലേക്കാണ്. 20 .5 ശതമാനം. 2023–24 ൽ, ഇന്ത്യയിലേക്കുള്ള മൊത്തം പണമയയ്ക്കലിന്റെ 19.7 ശതമാനവും കേരളത്തിലേക്കായിരുന്നു വന്നത്. 2020–21 ൽ കേരളത്തിന്റെ വിഹിതം വെറും 10.2% ആയി കുറഞ്ഞിരുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2025 മാർച്ചിലെ റിപ്പോർട്ട് പ്രകാരം 2023–24 കാലയളവിൽ ഇന്ത്യയിലെ എൻ.ആർ.ഐ അക്കൗണ്ടുകളിലേക്ക് 118.7 ബില്യൺ ഡോളർ എത്തിയിരുന്നു. 2010–11 ൽ ലഭിച്ച 55.6 ബില്യൺ ഡോളറിന്റെ ഇരട്ടിയിലധികമാണിത്. കേരളത്തിലേക്ക് മാത്രം 23.39 ബില്യൺ ഡോളർ ആണ് എത്തിയത്.

അമേരിക്കയിൽ നിന്നാണ് ഏറ്റവും കൂടുതൽ എൻ.ആർ.ഐ പണം എത്തുന്നത്, 27.7%, പിന്നാലെ യു.എ.ഇ ആണുള്ളത്. 19.2%.  ഗൾഫ് മേഖലയിൽ നിന്ന് മൊത്തത്തിൽ വരുന്ന എൻ.ആർ.ഐ പണത്തിന്റെ ശതമാനം 37.9% ആണ്.

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റിലെ കെ.വി. ജോസഫ് പറയുന്നതനുസരിച്ച്, ഭാവിയിൽ ഗൾഫിൽ നിന്ന് വരുന്ന പണം കുറഞ്ഞേക്കാം. അതേസമയം യു.എസ്, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്ന പണം വർധിക്കാൻ സാധ്യതകളേറെയാണ്. യു.എസ് പോലുള്ള വലിയ രാജ്യങ്ങൾ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ, ഗൾഫ് രാജ്യങ്ങളിൽ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് അത്രയധികം ജോലികളില്ലെന്നതാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറയുന്നുണ്ട്.

 

Content Highlight: NRI deposits in Kerala banks head towards Rs 3-trillion mark