'ആരോപണങ്ങള്‍ നന്നായി കൊടുത്ത മാധ്യമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍'; വീണ്ടും വേദനിപ്പിക്കരുതെന്ന് ജി. സുധാകരന്‍
Kerala News
'ആരോപണങ്ങള്‍ നന്നായി കൊടുത്ത മാധ്യമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍'; വീണ്ടും വേദനിപ്പിക്കരുതെന്ന് ജി. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st July 2021, 3:18 pm

ആലപ്പുഴ: സി.പി.ഐ.എം. ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി മുന്‍മന്ത്രി ജി. സുധാകരന്‍. ആരോപണങ്ങള്‍ ഉയര്‍ത്തി വീണ്ടും തന്നെ വേദനിപ്പിക്കരുതെന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നന്നായി കൊടുത്ത മാധ്യമങ്ങള്‍ക്ക് അഭിനന്ദനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. അവയെക്കുറിച്ച് വീണ്ടും ചോദിച്ച് വേദനിപ്പിക്കരുത്. അത് ശരിയല്ല. പത്രവാര്‍ത്ത കണ്ട് കൂടുതല്‍ പ്രതികരിക്കാനില്ല,’ ജി. സുധാകരന്‍ പറഞ്ഞു

ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ജി. സുധാകരന് നേരെ നേരത്തെ വിമര്‍ശനമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്നാണ് വിമര്‍ശനം. തോമസ് ഐസക് സജീവമായപ്പോള്‍ ജി.സുധാകരന്‍ ഉള്‍വലിഞ്ഞു നിന്നു എന്നാണ് ജില്ലാ കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നത്. ജി. സുധാകരന്റെ അസാന്നിധ്യത്തിലായിരുന്നു യോഗം.

അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥി ആയിരുന്ന എച്ച്. സലാം ഉള്‍പ്പെടെയായിരുന്നു വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നത്. എല്ലാം സംസ്ഥാന നേതൃത്വം പരിശോധിക്കുമെന്നും യോഗത്തിന് നേതൃത്വം നല്‍കിയിരുന്ന പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തുടങ്ങിയതാണ് അമ്പലപ്പുഴ ജില്ലയില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍. ജി. സുധാകരനും തോമസ് ഐസക്കും തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 CONTENT HIGHLIGHTS: G. Sudhakaran Says to media,  not to hurt again