ശങ്കരാടി മുത്തച്ഛൻ കല്ല്യാണം കഴിച്ചത് അധികമാർക്കും അറിയില്ല; അത് ഞങ്ങളുടെ വീട്ടുപേര്: പാർവതി രാജൻ ശങ്കരാടി
Entertainment
ശങ്കരാടി മുത്തച്ഛൻ കല്ല്യാണം കഴിച്ചത് അധികമാർക്കും അറിയില്ല; അത് ഞങ്ങളുടെ വീട്ടുപേര്: പാർവതി രാജൻ ശങ്കരാടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th June 2025, 9:24 pm

മലയാള സിനിമയിലെ പുതുമുഖ നടിയാണ് പാർവതി രാജൻ ശങ്കരാടി. മലയാളത്തിലെ ലെജൻ്ററി നടനായ ശങ്കരാടിയുടെ ബന്ധുവും സംവിധായകൻ രാജൻ ശങ്കരാടിയുടെ മകളും കൂടിയാണ് നടി.

സുരേഷ് ഗോപിയുടെ പാപ്പൻ എന്ന ചിത്രത്തിലും പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്‌ത പുതിയ ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രത്തിലും പാർവതി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ശങ്കരാടിയെക്കുറിച്ചും വീട്ടുപേരിനെക്കുറിച്ചും സംസാരിക്കുകയാണ് നടി.

ശങ്കരാടി എന്ന പേര് ഉള്ളതുകൊണ്ട് എല്ലാവരും തന്നോട് ശങ്കരാടിയുടെ കൊച്ചുമോളാണോ എന്ന് ചോദിക്കുമെന്നും കല്ല്യാണം കഴിച്ചിട്ടുണ്ടോ മക്കളുണ്ടോ എന്നൊക്കെ ചോദിക്കുമെന്നും പാര്‍വതി പറയുന്നു.

എന്നാല്‍ അധികമാര്‍ക്കും ശങ്കരാടി കല്ല്യാണം കഴിച്ചത് അറിയില്ലെന്നും എന്നാല്‍ താമസിച്ചിട്ടാണ് അദ്ദേഹം കല്ല്യാണം കഴിച്ചതെന്നും പാര്‍വതി പറഞ്ഞു.

അത് തങ്ങളുടെ വീട്ടുപേരാണെന്നും അച്ഛന്റെ അമ്മാവനാണ് ശങ്കരാടിയെന്നും നടി പറയുന്നു. സിനിമാ ബാക്ക്ഗ്രൗണ്ടിൽ നിന്നാണ് വരുന്നതെങ്കിലും സിനിമക്ക് വേണ്ടി അതുപയോഗിക്കാറില്ലെന്നും നടി കൂട്ടിച്ചേർത്തു.

‘എന്റെ അടുത്ത് എല്ലാവരും ചോദിക്കും ശങ്കരാടി സാറിന്റെ കൊച്ചുമോളാണോ എന്നൊക്കെ. ആള് കല്ല്യാണം കഴിച്ചിട്ടുണ്ടോ, ആള്‍ക്ക് മക്കളുണ്ടോ എന്നൊക്കെ. പക്ഷെ, കുറേപ്പേര്‍ക്ക് ആള് കല്ല്യാണം കഴിച്ചത് അറിയില്ല. ലേറ്റ് ആയിട്ടാണ് കഴിച്ചത്. അമ്പത് വയസ് കഴിഞ്ഞപ്പോഴാണ് ആള് കല്ല്യാണം കഴിക്കുന്നത് തന്നെ. കുട്ടികളില്ല.

ശരിക്കും അത് ഞങ്ങളുടെ വീട്ടുപേരാണ്. അച്ഛന്റെ അമ്മാവനാണ് ശങ്കരാടി മുത്തച്ഛന്‍. അങ്ങനെയാണ് ആ വീട്ടുപേര് എന്ന രീതിയിലേക്ക് എത്തിയത്.

സിനിമാ ബാക്ക്ഗ്രൗണ്ടിൽ നിന്നാണ് വരുന്നതെങ്കിലും ഞാൻ സിനിമക്ക് വേണ്ടി അതുപയോഗിക്കാറില്ല. ഒഡീഷൻസ് വഴിയാണ് എനിക്ക് എല്ലാം കിട്ടിയത്. അവിടെ ചെന്ന് കഴിയുമ്പോൾ അച്ഛനെ പരിചയമുള്ള ആരെങ്കിലും ഉണ്ടാകും. അങ്ങനെ വരും എന്നല്ലാതെ ഇന്നയാളുടെ മകൾ എന്നുള്ള രീതിയിൽ പാപ്പൻ മാത്രമാണ് അങ്ങനെ കിട്ടിയത്.,’ പാർവതി പറയുന്നു.

Content Highlight: Not many people know that Shankaradi got married; that’s our family name says Parvathy Rajan Shankaradi