മുഖ്യമന്ത്രിയെ ഇരട്ടച്ചങ്കനെന്ന് സി.പി.ഐ.എമ്മിലെ ഉത്തരവാദിത്തപ്പെട്ട ഒരാള്‍ പോലും വിളിച്ചിട്ടില്ല: എം. സ്വരാജ്
Kerala
മുഖ്യമന്ത്രിയെ ഇരട്ടച്ചങ്കനെന്ന് സി.പി.ഐ.എമ്മിലെ ഉത്തരവാദിത്തപ്പെട്ട ഒരാള്‍ പോലും വിളിച്ചിട്ടില്ല: എം. സ്വരാജ്
രാഗേന്ദു. പി.ആര്‍
Saturday, 31st January 2026, 5:12 pm

തിരുവനന്തപുരം: സി.പി.ഐ.എമ്മിലെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവ് പോലും മുഖ്യമന്ത്രി പിണറായി വിജയനെ ഇരട്ടച്ചങ്കനെന്ന് വിളിച്ചിട്ടില്ലെന്ന് എം. സ്വരാജ്. സി.പി.ഐ.എം വ്യക്തിപൂജയുടെ തടവുകാരല്ലെന്നും സ്വരാജ് പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മുഖ്യമന്ത്രിയെ ഇരട്ടച്ചങ്കനെന്ന് വിശേഷിപ്പിച്ച തന്റെ ഏതെങ്കിലുമൊരു വാചകമോ എഴുത്തോ ആരെങ്കിലും കണ്ടിട്ടുണ്ടോയെന്നും എം. സ്വരാജ് ചോദിച്ചു.

സി.പി.ഐ.എമ്മുകാര്‍ മുഖ്യമന്ത്രിയെ ഇരട്ടച്ചങ്കനെന്ന് വിളിച്ച് നടക്കുകയാണെന്നാണ് ചിലരുടെ ആരോപണം. എന്നാല്‍ സി.പി.ഐ.എമ്മിലെ ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും മുഖ്യമന്ത്രിയെ ഇരട്ടച്ചങ്കനെന്ന് പറഞ്ഞിട്ടുണ്ടോ?

ഊരും പേരുമില്ലാത്തവര്‍ അതിശയോക്തിപരമായോ വ്യക്തിപൂജപരമായോ എന്തെങ്കിലും പറഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്നും സ്വരാജ് വ്യക്തമാക്കി.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം മുസ്‌ലിം ലീഗിനെതിരെയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ പേരെടുത്ത് പറഞ്ഞുകൊണ്ട് തന്നെ സി.പി.ഐ.എം തള്ളിയിട്ടുണ്ടെന്നും സ്വരാജ് പറയുന്നു.

മുസ്‌ലിം ലീഗ് ഒരു രാഷ്ട്രീയപാര്‍ട്ടിയാണ്. പക്ഷെ ലീഗിനെതിരെ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അത് സമുദായത്തിനെതിരെ പറഞ്ഞുവെന്ന തരത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

വിമര്‍ശനത്തെ ഫലപ്രദമായി നേരിടാന്‍ കഴിയുന്നില്ലെങ്കില്‍ ഉടനെ മതത്തെ ഒരു പരിചയായി കൊണ്ടുവരികയാണ്. ജനാധിപത്യത്തില്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എം. സ്വരാജ് പറഞ്ഞു.

Content Highlight: Not a single responsible person in the CPI(M) has called the Chief Minister a Irattachankan: M. Swaraj

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.