നെയ്മര്‍ ഇതിഹാസം, അന്നുണ്ടായ സംഭവത്തില്‍ മാപ്പ് ചോദിക്കുന്നു; നോര്‍വീജിയന്‍ ഗോള്‍കീപ്പര്‍
FIFA World Cup 2026
നെയ്മര്‍ ഇതിഹാസം, അന്നുണ്ടായ സംഭവത്തില്‍ മാപ്പ് ചോദിക്കുന്നു; നോര്‍വീജിയന്‍ ഗോള്‍കീപ്പര്‍
സുദേവ് എ
Tuesday, 14th July 2026, 1:13 pm

2026 ഫിഫ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുമായുണ്ടായ വാക്കേറ്റത്തില്‍ ക്ഷമ ചോദിച്ച് നോര്‍വീജിയന്‍ ഗോള്‍കീപ്പര്‍ ഓര്‍ജാന്‍ നൈലാന്‍ഡ്. നെയ്മര്‍ തന്നെ സംബന്ധിച്ച് ഇതിഹാസമാണെന്നും അന്നുണ്ടായ സംഭവത്തില്‍ നെയ്മറിനോട് മാപ്പ് ചോദിക്കുന്നുവെന്നുമാണ് നൈലാന്‍ഡ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു നെയ്മറും നോര്‍വേ ഗോള്‍കീപ്പറും തമ്മില്‍ വെക്കേറ്റം നടന്നത്. ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി. പകരക്കാരനായി ഇറങ്ങിയ നെയ്മര്‍ കിക്ക് എടുക്കുന്നതിന് മുമ്പേ താരത്തെ തളര്‍ത്താനായി നോര്‍വീജിയന്‍ ഗോള്‍കീപ്പര്‍ നെയ്മറുടെ അടുത്തേക്ക് പോയി ചില വാക്കുകള്‍ പറയുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ കടുത്ത വാക്കേറ്റം നടന്നത്. പെനാല്‍റ്റി ഗോളാക്കി മാറ്റി നെയ്മര്‍ നൈലാന്‍ഡിന്റെ അടുത്ത് പോയി കൂടുതല്‍ നാടകീയ സംഭവങ്ങളായിരുന്നു മൈതാനത്ത് അരങ്ങേറിയത്.

ഇപ്പോള്‍ നൈലാന്‍ഡ് ഈ സംഭവത്തില്‍ നെയ്മറിനോട് മാപ്പ് ചോദിച്ചത് കളിക്കകളത്തിനപ്പുറം ഫുട്‌ബോളിലെ പരസ്പര ബഹുമാനം ഉയര്‍ത്തിപ്പിടിക്കുന്നതാണ്.

ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിനെതിരെ നോര്‍വേ വിജയിച്ചുകയറിയത്. തുടര്‍ച്ചയായ ആറാം ലോകകപ്പിലും യൂറോപ്യന്‍ ടീമിനോട് തോറ്റാണ് ബ്രസീലിന്റെ മടക്കം. 1990ന് ശേഷം ഇതാദ്യമായാണ് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ വീഴുന്നത്.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി നൈലാന്‍ഡ് തടുത്തിട്ടിരുന്നു. പെനാല്‍റ്റിയെടുത്ത ബ്രൂണോ ഗുയിമാറാസിന് പിഴക്കുകയായിരുന്നു.

താരത്തിന്റെ കിക്ക് നൈലാന്‍ഡ് അനായാസമായി രക്ഷപ്പെടുത്തുകയായിരുന്നു. ഏര്‍ലിങ് ഹാലണ്ടിന്റെ ഇരട്ട ഗോളുകളുടെ കരുതിലായിരുന്നു നോര്‍വേ വിജയിച്ചത്.

അതേസമയം നോര്‍വെയുടെ ഈ ലോകകപ്പിലെ പോരാട്ടം ക്വാര്‍ട്ടര്‍ ഫൈനലിലാണ് അവസാനിച്ചത്. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതാണ് നോര്‍വേ മടങ്ങിയത്. വൈക്കിങ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ത്രീ ലയണ്‍സ് സെമിയിലേക്ക് കുതിച്ചത്.

ചരിത്രത്തിലെ നാലാം സെമി ഫൈനല്‍ പോരാട്ടത്തിനാണ് ഇംഗ്ലണ്ട് യോഗ്യത നേടിയിരിക്കുന്നത്. 1966, 1990, 2018 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇതിനുമുമ്പ് ഇംഗ്ലണ്ട് സെമി കളിച്ചത്.

 

Content Highlight: Norwegian goalkeeper Orjan Nyland apologizes for World Cup altercation with Neymar

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.