ഫിഫ ലോകകപ്പില്‍ ബ്രസീലിനെ മലര്‍ത്തിയടിച്ച് നോര്‍വേ. ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നോര്‍വേ കിടിലന്‍ വിജയം സ്വന്തമാക്കിയത്. റൗണ്ട് ഓഫ് 16ല്‍ പരാജയപ്പെട്ടതോടെ അഞ്ച് തവണ ലോക ജേതാക്കളായ ബ്രസീല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്. എര്‍ലിങ് ഹാലന്‍ഡിന്റെ ഇരട്ട ഗോളിന്റെ പിന്‍ബലത്തിലാണ് ഡ്രില്ലോസ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.
Erling Haaland’s brace sends Norway to the quarter-finals! 👊#FIFAWorldCup
— FIFA World Cup (@FIFAWorldCup) July 5, 2026
തുടര്‍ച്ചയായ ആറാം ലോകകപ്പിലും യൂറോപ്യന്‍ ടീമിനോട് തോറ്റാണ് ബ്രസീലിന്റെ മടക്കം. മാത്രമല്ല 1990ന് ശേഷം ഇതാദ്യമായാണ് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ വീഴുന്നത്.
ആവേശത്തിന്റെ മുള്‍മുനയില്‍ നിന്ന മത്സരത്തിന്റെ 79ാം മിനിട്ടിലായിരുന്നു ഹാലന്‍ഡിന്റെ ആദ്യ ഗോള്‍ പിറന്നത്. ആന്‍ഡിയാസ് ഷെല്‍ഡെറപ്പ്‌ന്റെ ക്രോസില്‍ തലവെച്ചുകൊണ്ടായിരുന്നു നോര്‍വേക്ക് വേണ്ടി ഹാലന്‍ഡ് എതിരാളിയുടെ വല കുലുക്കിയത്.
Erling Haaland earns the @MichelobUltra Superior Player of the Match trophy. 👑
#FIFAWorldCup #SuperiorPOTM pic.twitter.com/iZZE2s3j3l
— FIFA World Cup (@FIFAWorldCup) July 6, 2026
ബ്രസീലിന്റെ ആത്മവിശ്വാസം തകര്‍ത്തതോടെ 90ാം മിനിട്ടിലും ഗോള്‍ നേടി ഹാലന്‍ഡ് നോര്‍വേയെ വിജയതീരത്തെത്തിച്ചു. ഇക്കുറി ബോക്‌സിന് മുന്നില്‍നിന്നായിരുന്നു ഹാലന്‍ഡിന്റെ കരുത്തുറ്റ ഷോട്ട്.
കാനറികളുടെ ഗോളടിക്കാനുള്ള ശ്രമങ്ങളെ നോര്‍വേ പല തവണ തടുക്കുകയായിരുന്നു. അധിക സമയത്ത് ലഭിച്ച പെനാല്‍റ്റിയിലൂടെ നെയ്മര്‍ ഗോള്‍ നേടിയെങ്കിലും ബ്രസീലിന് സമനിലഗോള്‍ നേടാന്‍ സാധിച്ചില്ലായിരുന്നു.
പന്ത് കൈവശം വെക്കുന്നതിലും പാസിങ്ങിലും മുന്നേറ്റത്തിലും മുന്നില്‍ നിന്നത് നോര്‍വേ തന്നെയായിരുന്നു. ടാര്‍ഗറ്റിലേക്ക് അഞ്ച് തവണയാണ് നോര്‍വേ ബോള്‍ പായിച്ചത്. മറുഭാഗത്ത് നാല് ടാര്‍ഗറ്റ് ബോളുകള്‍ മാത്രമായിരുന്നു ബ്രസീലിനുണ്ടായിരുന്നത്.
അതേസമയം നാലാം ലോകകപ്പ് കളിക്കുന്ന നോര്‍വെയുടെ ആദ്യ ക്വാര്‍ട്ടറാണിത്. 28 വര്‍ഷത്തിനുശേഷമാണ് ഡ്രില്ലോസ് ലോകകപ്പിനെത്തിയത്.
Content Highlight: Norway knocks Brazil out of the 2026 World Cup
