2026 ഫിഫ ലോകകപ്പില്‍ നിന്നും ബ്രസീല്‍ പുറത്തായിരിക്കുകയാണ്. പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് പരാജയപ്പെട്ടാണ് കാനറിപട ഈ ലോകകപ്പിലെ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നോര്‍വേ വിജയിച്ചുകയറിയത്. തുടര്‍ച്ചയായ ആറാം ലോകകപ്പിലും യൂറോപ്യന്‍ ടീമിനോട് തോറ്റാണ് ബ്രസീലിന്റെ മടക്കം. 1990ന് ശേഷം ഇതാദ്യമായാണ് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെടുന്നത്.
ഈ വിജയത്തോടെ ചരിത്രത്തില്‍ ഇതുവരെ ബ്രസീലിനോട് പരാജയപ്പെട്ടില്ലെന്ന റെക്കോഡ് തകരാതെ സുരക്ഷിതമായി നിലനിര്‍ത്താനും നോര്‍വേക്ക് സാധിച്ചു. ഈ മത്സരത്തിലെ വിജയം അടക്കം അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയങ്ങളാണ് വൈക്കിങ്‌സ് കാനറിപ്പടക്കെതിരെ നേടിയത്.
Erling Haaland’s brace sends Norway to the quarter-finals! 👊#FIFAWorldCup
രണ്ട് മത്സരങ്ങള്‍ സമനിലയില്‍ പിരിയുകയും ചെയ്തു. 1988, 2006 എന്നീ വര്‍ഷങ്ങളില്‍ നടന്ന സൗഹൃദ മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.
1997ലെ സൗഹൃദ മത്സരത്തില്‍ 4-2 എന്ന സ്‌കോറിനായിരുന്നു കാനറിപ്പടയെ നോര്‍വേ തകര്‍ത്തത്. തൊട്ടടുത്ത വര്‍ഷം നടന്ന ലോകകപ്പിലും നോര്‍വേ ബ്രസീലിനെ വീഴ്ത്തി. 2-1നായിരുന്നു നോര്‍വെയുടെ വിജയം. എങ്കിലും ആ ലോകകപ്പില്‍ ബ്രസീല്‍ ഫൈനല്‍ വരെ മുന്നേറി.
കലാശപ്പോരില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടായിരുന്നു ബ്രസീലിന് കിരീടം നഷ്ടമായത്. ഇപ്പോള്‍ വീണ്ടും ബ്രസീലിനെ വീഴ്ത്തി നോര്‍വേ ബ്രസീലിനെതിരെയുള്ള തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്.
അതേസമയം മത്സരത്തില്‍ എര്‍ലിങ് ഹാലണ്ടിന്റെ ഇരട്ട ഗോളിന്റെ കരുത്തിലാണ് നോര്‍വേ ബ്രസീലിനെ തകര്‍ത്തത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല.
മത്സരത്തിന്റെ 79ാം മിനിട്ടിലായിരുന്നു ഹാലണ്ടിന്റെ ആദ്യ ഗോള്‍ പിറന്നത്. ആന്‍ഡിയാസ് ഷെല്‍ഡെറപ്പ്‌ന്റെ ക്രോസില്‍ തലവെച്ചുകൊണ്ടായിരുന്നു നോര്‍വേക്ക് വേണ്ടി ഹാലണ്ട് എതിരാളിയുടെ വല കുലുക്കിയത്. 90ാം മിനിട്ടില്‍ ഗോള്‍ നേടി ഹാലണ്ട് വീണ്ടും ഗോള്‍ നേടി നോര്‍വേയെ വിജയതീരത്തെത്തിച്ചു. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ നെയ്മര്‍ ബ്രസീലിനായി ആശ്വാസ ഗോള്‍ നേടുകയും ചെയ്തു.
Content Highlight: Norway is the only team Brazil has not been able to beat in international football