പ്യോംഗ്യാംഗ്: ലോകരാജ്യങ്ങള്‍ തനിക്കെതിരെയും ഉത്തര കൊറിയയ്‌ക്കെതിരെയും വിമര്‍ശനശരങ്ങള്‍ ഉയര്‍ത്തുന്നതിനിടെ പുതിയ വീഡിയോയുമായി ഉത്തര കൊറിയയുടെ പരമാധികാരി കിം ജോങ് ഉന്‍. തന്റെ നേതൃശക്തി വ്യക്തമാക്കുകയും അടുത്തിടെ നടന്ന ഉപരോധങ്ങളെ അവഗണിക്കുകും ചെയ്യുന്ന തരത്തിലുള്ള പ്രൊപഗാണ്ട വീഡിയോ ആണ് പുറത്തിറങ്ങിയിട്ടുള്ളത്.
വെള്ളക്കുതിരയ്ക്ക് മുകളില്‍ കയറി മഞ്ഞുവീണ വനപാതയിലൂടെ ശാന്തമായി സഞ്ചരിക്കുന്ന തരത്തിലാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്.
പുതിയ ഏഴ് മിസൈല്‍ പരീക്ഷണങ്ങളാണ് 2022ല്‍ മാത്രം ഉത്തര കൊറിയ നടത്തിയിട്ടുള്ളത്. അതിലൊന്ന് 2017ന് ശേഷമുള്ള ഏറ്റവും മാരകവും പ്രഹരശേഷിയുമുള്ളതുമായിരുന്നു. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ വ്യാപകമായി ഉയരുമ്പോഴാണ് പുതിയ വീഡിയോയുമായി കിം ജോങ് രംഗത്തെത്തിയിരിക്കുന്നത്.
കാലങ്ങളായി തകര്‍ന്നിരിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ സാധാരണഗതിയിലേക്കാക്കാനുള്ള ‘സുപ്രീം ലീഡറിന്റെ’ പ്രയത്‌നങ്ങളും മറ്റുമാണ് വീഡിയോയില്‍ ഉള്ളത്.
‘ജനങ്ങളോടുള്ള കിമ്മിന്റെ അര്‍പ്പണബോധവും രാജ്യത്തിന്റെ പുരോഗതിക്കായുള്ള കഠിനാധ്വാനവുമാണ് വീഡിയോയുടെ ഇതിവൃത്തം,’ അണിയറപ്രവര്‍ത്തകര്‍ എ.എഫ്.പിയോട് പറഞ്ഞു.
2021ലെ രാജ്യം നേരിട്ട ഏറ്റവും വലിയ ദുരിതകാലത്തെ കഷ്ടപ്പാടുകളില്‍ നിന്നും രക്ഷിക്കുന്ന തരത്തിലാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. കിം പടികള്‍ ഇറങ്ങുന്ന ഒരു ഷോട്ടില്‍ ‘കഠിനാധ്വാനത്താല്‍ അദ്ദേഹത്തിന്റെ ശരീരം പൂര്‍ണമായും വാടിപ്പോയിരിക്കുന്നു’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കിം ജോങ്ങിന്റെ ‘മാനവിക മൂല്യം’ ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വീഡിയോ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കൊറിയയിലെ പ്രൊഫസറായ യാംഗ് മൂ-ജിന്‍ പറയുന്നത്.
കിം ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണെന്നും അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവനാണെന്നും വീഡിയോയില്‍ കാണിക്കുന്നുണ്ടെന്നും മൂ-ജിന്‍ കൂട്ടിച്ചേര്‍ത്തു.
കുതിരപ്പുറത്തേറി വരുന്ന കിം ജോങ് ഉന്നിനെ കാണുമ്പോള്‍, ഉത്തര കൊറിയയുടെ സ്ഥാപകനും, കിം ജോങ്ങിന്റെ മുത്തച്ഛന്‍ കിം ഇല്‍ സങ്ങിനെയാണ് ജനങ്ങള്‍ക്ക് ഓര്‍മ വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ഏപ്രിലില്‍ കിം ഇല്‍ സിങ്ങിന്റെ 110ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് കിം ജോങ് പുതിയ വീഡിയോയുമായി രംഗപ്രവേശം ചെയ്തിരിക്കുന്നതെന്ന വസ്തുതയും ശ്രദ്ധേയമാണ്. കഴിഞ്ഞയാഴ്ചയും കിമ്മിന്റെ ഒരു വീഡിയോ പുറത്തു വന്നിരുന്നു. തന്റെ ഭാര്യയ്ക്കും ബന്ധുവിനുമൊപ്പം തിയേറ്റര്‍ ഇവന്റില്‍ പങ്കെടുക്കുന്ന വീഡിയോ ആയിരുന്നു അത്.