'ഒരുപാട് തവണ താണുകേണു വിളിച്ചതല്ലേ, ഇനിയെങ്കിലും ഞങ്ങള്‍ക്കൊപ്പം വന്നുകൂടെ'; ജയന്ത് ചൗധരിയെ വീണ്ടും ബി.ജെ.പി സഖ്യത്തിലേക്ക് ക്ഷണിച്ച് അമിത് ഷാ
2022 U.P Assembly Election
'ഒരുപാട് തവണ താണുകേണു വിളിച്ചതല്ലേ, ഇനിയെങ്കിലും ഞങ്ങള്‍ക്കൊപ്പം വന്നുകൂടെ'; ജയന്ത് ചൗധരിയെ വീണ്ടും ബി.ജെ.പി സഖ്യത്തിലേക്ക് ക്ഷണിച്ച് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd February 2022, 4:15 pm

ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജയന്ത് ചൗധരിയേയും രാഷ്ട്രീയ ലോക് ദളിനെയും ഏതുവിധേനെയും കൂടെക്കൂട്ടാന്‍ നീക്കങ്ങള്‍ നടത്തി അമിത് ഷാ. നിലവില്‍ സഖ്യത്തിലിരിക്കുന്ന അഖിലേഷ് യാദവിനെയും സമാജ്‌വാദി പാര്‍ട്ടിയെയും ഉപേക്ഷിച്ച് ആര്‍.എല്‍.ഡി തങ്ങള്‍ക്കൊപ്പം വരണമെന്നായിരുന്നു ഷാ പറഞ്ഞത്.

വ്യാഴാഴ്ച ബുലാന്ദ്ഷഹറില്‍ വെച്ച് നടന്ന സമ്മേളനത്തിലായിരുന്നു ഷാ ഇക്കാര്യം പറഞ്ഞത്.

അഖിലേഷ് തന്റെ പിതാവിനെ ധിക്കരിച്ചവനാണെന്നും അമിത് ഷാ ചൗധരിയെ ഓര്‍മപ്പെടുത്തി. ‘എസ്.പിയുടെ സമുന്നതനായ നേതാവും തന്റെ അച്ഛനുമായ മുലായം സിംഗ് യാദവിനെയും അമ്മാവന്‍ ശിവപാല്‍ യാദവിനെയും ധിക്കരിച്ചവനാണ് അഖിലേഷ് യാദവ്. അങ്ങനെയുള്ള ഒരാള്‍ നിങ്ങളുടെ (ജയന്ത് ചൗധരി) വാക്കിന് വില നല്‍കുമെന്ന് തോന്നുന്നുണ്ടോ? നീയിപ്പോള്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്’ ഷാ പറയുന്നു.

Jayant Chaudhary says farmers should keep up pressure on government -  Hindustan Times

ജയന്ത് ചൗധരി

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജയന്ത് ചൗധരി തങ്ങളോടൊപ്പം ചേര്‍ന്നാല്‍ ജാട്ട് സമുദായത്തിന്റെ വോട്ടുകള്‍ മുഴുവന്‍ തങ്ങള്‍ക്ക് അനുകൂലമാവും എന്ന കണക്കുകൂട്ടലിന്റെ പുറത്താണ് ബി.ജെ.പിയും അമിത് ഷായും ജയന്ത് ചൗധരിയെ വിടാതെ പുറകെ നടക്കുന്നത്.

ആര്‍.എല്‍.ഡിക്കും ചൗധരിക്കും വേണ്ടി ബി.ജെ.പിയുടെ വാതില്‍ എന്നും തുറന്നിട്ടിരിക്കുകയാണെന്നായിരുന്നു അമിത് ഷാ നേരത്തെ പറഞ്ഞിരുന്നത്. അമിത് ഷായ്ക്ക് പുറമെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും, ജാട്ട് സമുദായത്തില്‍ നിന്നുള്ള ബി.ജെ.പി എം.പിയുമായ പ്രവേശ് വര്‍മയും ആര്‍.എല്‍.ഡിയെ മുന്നണിയിലേക്ക് ക്ഷണിച്ചിരുന്നു.

”തെരഞ്ഞെടുപ്പില്‍ പരസ്പരം കൈകോര്‍ത്തുകൊണ്ടു മത്സരിക്കാം, ഇനിയതല്ല തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ബി.ജെ.പിയിലേക്ക് താങ്കള്‍ക്ക് കടന്നു വരാം,’ എന്നായിരുന്നു പ്രവേശ് വര്‍മ പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ജയന്ത് ചൗധരിയും വാക്പോരുകളില്‍ ഏര്‍പ്പെട്ടിരുന്നു. അഖിലേഷിന്റെയും ജയന്തിന്റെയും സൗഹൃദം തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതു വരെ മാത്രമേ നിലനില്‍ക്കൂവെന്നും അഥവാ എസ്.പി ജയിച്ചാല്‍ അസം ഖാന്‍ മന്ത്രിസഭയില്‍ ഇരിക്കുമെന്നും ജയന്ത് പടിക്ക് പുറത്താകുമെന്നുമായിരുന്നു യോഗി പറഞ്ഞത്.

അതേസമയം, താന്‍ ഒരു കാരണവശാലും ബി.ജെ.പിയിലേക്കില്ല എന്ന് ജയന്ത് ചൗധരി നേരത്തെ പറഞ്ഞിരുന്നു. താന്‍ മാത്രമല്ല, തന്റെ പാര്‍ട്ടിയില്‍ നിന്നും ഒരാള്‍ പോലും ബി.ജെ.പിയിലേക്കില്ലെന്നും ഹേമ മാലിനിയെ പോലെയല്ല തങ്ങള്‍ എന്നുമായിരുന്നു ചൗധരി കഴിഞ്ഞ ദിവസം പറഞ്ഞത്.

രാഷ്ട്രീയ ലോക് ദളിന്റെ ഒരു സമുന്നതനായ നേതാവിനെ അമിത് ഷാ കൂറുമാറാന്‍ പ്രേരിപ്പിച്ചിരുന്നുവെന്നും, എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നുവെന്നും ചൗധരി പറഞ്ഞു. ‘എന്റെ സഹപ്രവര്‍ത്തകനോട് അദ്ദേഹം (അമിത് ഷാ) അവനെ (ആര്‍.എല്‍.ഡി നേതാവ്) ഹേമ മാലിനി ആക്കും എന്നാണ് പറഞ്ഞിരുന്നതെ’ന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ക്ക് ഹേമ മാലിനി ആവണ്ട. എന്തിനാണ് അവര്‍ (ബി.ജെ.പി) എന്റെ നേതാക്കളെ കൂറുമാറാന്‍ പ്രേരിപ്പിക്കുന്നത്? മധുരമായ ഭാഷയിലാണ് അവര്‍ എപ്പോഴും എന്നോട് സംസാരിക്കാറുള്ളത്. എന്നാല്‍ കര്‍ഷക സമരത്തിനിടെ മരിച്ച 700ഓളം കര്‍ഷകര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി എന്ത് ചെയ്തു എന്ന് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് അവര്‍ അജയ് മിശ്രയെ ഇനിയും പുറത്താക്കാത്തത്,’ ചൗധരി ചോദിച്ചു.

Jayant Chaudhary Appointed RLD Chief: West Uttar Pradesh is Ripe for a New  Leader

തങ്ങള്‍ക്ക് ബി.ജെ.പിയുമായി ഒരു തരത്തിലുമുള്ള സഖ്യത്തിനും താല്‍പര്യമില്ലെന്നും, തങ്ങള്‍ എളുപ്പം മറിയുമെന്ന് ധരിക്കരുതെന്നുമായിരുന്നു ചൗധരി പറഞ്ഞത്.

നിലവില്‍ അഖിലേഷ് യാദവിന്റെ സഖ്യത്തിലെ മുന്നണിപ്പോരാളികളിലൊരാളാണ് ജയന്ത് യാദവ്.

ഇത്തവണ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്നും, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ജയന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ എസ്.പിക്കൊപ്പം ആര്‍.എല്‍.ഡി കൈകോര്‍ത്തതോടെ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം അങ്കലാപ്പിലായിരുന്നു.

UP polls 2022: RLD chief Jayant Chaudhary eyes alliance with Akhilesh Yadav  to counter BJP

403 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളിലായി ഏഴ് ഘട്ടമായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Content Highlight: In the run-up to the upcoming Uttar Pradesh elections, Amit Shah has made moves to bring Jayant Chaudhary and the Rashtriya Lok Dal to his allaince