യു.എസ് ആക്രമണത്തില്‍ ആണവ വികിരണമുണ്ടായിട്ടില്ല, ജനങ്ങള്‍ക്ക് അപകടവുമില്ല; ആണവ പദ്ധതി തുടരുമെന്ന് ഇറാന്‍
World News
യു.എസ് ആക്രമണത്തില്‍ ആണവ വികിരണമുണ്ടായിട്ടില്ല, ജനങ്ങള്‍ക്ക് അപകടവുമില്ല; ആണവ പദ്ധതി തുടരുമെന്ന് ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd June 2025, 11:08 am

ടെഹ്‌റാന്‍: ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യു.എസ് നടത്തിയ ആക്രമണത്തില്‍ ആണവ വികിരണമുണ്ടായിട്ടില്ലെന്ന് ഇറാന്‍. ഇറാനിലെ അറ്റോമിക് എനര്‍ജി അസോസിയേഷനാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയതെന്ന് ഇറാന്‍ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

യു.എസ് ആക്രമണം ഉണ്ടായെന്ന് ഇറാന്‍ സ്ഥിരീകരിച്ചെങ്കിലും അത് ജനങ്ങളെ ദോഷകരമായി ബാധിച്ചില്ലെന്നും അറ്റോമിക് എനര്‍ജി അസോസിയേഷന്‍ അറിയിച്ചു. അതേസമയം എത്ര തന്നെ ആക്രമണമുണ്ടായെങ്കിലും ദേശീയ വ്യവസായത്തിന്റെ ഭാഗമായ ആണവ പദ്ധതി നിര്‍ത്തലാക്കില്ലെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്.

യു.എസ് ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വിലയിരുത്തിയ ഏജന്‍സി, ഇറാന്റെ ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നിയമനടപടികള്‍ ആരംഭിച്ചതായും അറിയിച്ചു. ആക്രമണങ്ങളെ അപലപിക്കാനും സമാധാനപരമായ ആണവ വികസനത്തിനുള്ള ഇറാന്റെ അവകാശത്തെ പിന്തുണയ്ക്കാനും ഏജന്‍സി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആക്രമണസാധ്യത കണക്കിലെടുത്ത് ഇറാന്‍ നേരത്തെ തന്നെ ആണവ കേന്ദ്രങ്ങള്‍ ഒഴിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരുപക്ഷെ അതിനാലാവും ആണവ വികിരണങ്ങള്‍ ഉണ്ടാവാതിരുന്നതെന്നാണ് സൂചന.

ഫോര്‍ദോയിലെ ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ തകരാറുകള്‍ ഉണ്ടായിട്ടില്ലെന്ന് കോം മേഖലയില്‍ നിന്നുള്ള എം.പിയായ മനാന്‍ റെയ്‌സിയും പ്രതികരിച്ചു. ചെറിയ കേടുപാടുകള്‍ മാത്രമാണ് ആണവ കേന്ദ്രത്തിന് ഉണ്ടായതെന്നും എന്നാല്‍ അത് പരിഹരിക്കാന്‍ സാധിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്പൂഷ്ടീകരിച്ച യുറേനിയം ആണവകേന്ദ്രങ്ങളില്‍ നിന്ന് ഇതിനകം മാറ്റിയെന്നാണ് ഇറാന്‍ അവകാശപ്പെട്ടിരിക്കുന്നത്.

അതേസമയം ഇറാന്റെ ന്യൂക്ലിയാര്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങള്‍ വിജയകരമാണെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം. ഫോര്‍ദോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിങ്ങനെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം പൂര്‍ത്തിയാക്കിയെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഇനിയും ഇറാനെതിരെ ആക്രമണമുണ്ടാവുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

Content Highlight: No signs of radioactive contamination following US attack says Iran  Atomic Energy Organisation