നിരപരാധികളെ കൊന്നൊടുക്കുന്നതിനോട് വിയോജിപ്പ്; ഇസ്രഈൽ പൊലീസിനുള്ള യൂണിഫോം കയറ്റുമതി നിർത്തിവെച്ച് കണ്ണൂരിലെ കമ്പനി
Kerala News
നിരപരാധികളെ കൊന്നൊടുക്കുന്നതിനോട് വിയോജിപ്പ്; ഇസ്രഈൽ പൊലീസിനുള്ള യൂണിഫോം കയറ്റുമതി നിർത്തിവെച്ച് കണ്ണൂരിലെ കമ്പനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th October 2023, 10:10 pm

കണ്ണൂർ: സമാധാനം പുനസ്ഥാപിക്കുന്നത് വരെ ഇസ്രഈൽ പൊലീസുകാർക്കുള്ള യൂണിഫോം ഓർഡർ സ്വീകരിക്കില്ലെന്ന് വസ്ത്ര നിർമാണ കമ്പനിയായ മരിയൻ അപ്പാരൽസ്.

ഇസ്രഈൽ പൊലീസിന് പുറമെ ഫിലിപ്പീൻസ് ആർമി, ഖത്തർ എയർഫോഴ്സ്, ഖത്തർ പൊലീസ്, ബ്രിട്ടീഷ് അമേരിക്കൻ സെക്യൂരിറ്റി കമ്പനികൾ എന്നിവരുടെ യൂണിഫോമുകൾ നിർമിച്ച് കയറ്റുമതി ചെയ്തിരുന്നത് കണ്ണൂരിലെ കൂത്തുപറമ്പ് ആസ്ഥാനമായ മരിയൻ അപ്പാരൽസാണ്.

ആഗോള അടിസ്ഥാനത്തിൽ വൻ വിപണിയുള്ള കമ്പനി 2015 മുതൽ ഇസ്രഈൽ പൊലീസിന് യൂണിഫോം നൽകിവരുന്നുണ്ടായിരുന്നു.

ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് യോജിക്കാനാകില്ലെന്ന് കമ്പനി പത്രക്കുറിപ്പ് പുറത്തുവിട്ടു. വ്യവസായ മന്ത്രി പി. രാജീവാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വഴി കമ്പനിയെ കുറിച്ചും കമ്പനിയുടെ നിലപാടിനെ കുറിച്ചും അറിയിച്ചത്.

ലോകം മുഴുവൻ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ട സ്ഥാപനം ഇവിടെ ചർച്ചാ വിഷയമായത് ഇപ്പോഴാണെന്നത് കൗതുകമാണെന്നും മന്ത്രി പറഞ്ഞു.

2008ൽ മലയാളിയായ തോമസ് ഓലിക്കലിന്റെ നേതൃത്വത്തിലാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. പൂർണമായും കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനത്തിൽ 1,500ഓളം ജീവനക്കാർ ജോലി ചെയ്യുന്നു.

ഇതിൽ 95 ശതമാനവും സ്ത്രീകളാണെന്നും രാജീവ്‌ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 50-79 കോടി രൂപ വാർഷിക വിറ്റുവരവുള്ള കമ്പനിയിൽ കൂത്തുപറമ്പിലെയും സമീപ പ്രദേശങ്ങളിലെയും ആളുകളാണ് ജീവനക്കാരിൽ ഭൂരിഭാഗവും.

Content Highlight: No police uniform to Israel police until Peace restored says Outfit production company in Kannur