ബാബ് അല്‍-മന്ദബ് കടലിടുക്ക് അടച്ചാല്‍ ആര്‍ക്കും അത് തുറക്കാനാവില്ല; ട്രംപിന് മുന്നറിയിപ്പുമായി യെമന്‍
World
ബാബ് അല്‍-മന്ദബ് കടലിടുക്ക് അടച്ചാല്‍ ആര്‍ക്കും അത് തുറക്കാനാവില്ല; ട്രംപിന് മുന്നറിയിപ്പുമായി യെമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th April 2026, 10:30 am

സനാ: ആഗോള സമുദ്രപാതയായ ബാബ് അല്‍-മന്ദബ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും കടുത്ത മുന്നറിയിപ്പുമായി യെമന്‍.

യെമന്‍ തലസ്ഥാനമായ സനയിലെ ബാബ് അല്‍ മന്ദബ് കടലിടുക്ക് അടയ്ക്കാന്‍ തീരുമാനിച്ചാല്‍ ലോകത്തെ ഒരു ശക്തിക്കും അത് വീണ്ടും തുറക്കാന്‍ കഴിയില്ലെന്ന് യെമന്‍ ഉപ വിദേശകാര്യ മന്ത്രി ഹുസൈന്‍ അല്‍-എസ്സി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും നേരിട്ട് പരാമര്‍ശിച്ചുകൊണ്ടായിരുന്നു അല്‍-എസ്സിയുടെ പ്രതികരണം. മുസ്‌ലിം രാഷ്ട്രങ്ങളുടെയും ജനതയുടെയും അവകാശങ്ങളെ ബഹുമാനിക്കണമെന്നും മേഖലയിലെ സമാധാനത്തിന് തടസ്സമാകുന്ന നയങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ബാബ് അല്‍-മന്ദബ് കടലിടുക്ക് അടച്ചുപൂട്ടാന്‍ യെമന്‍ തീരുമാനമെടുത്താല്‍, അത് പിന്നീട് തുറക്കാന്‍ ആര്‍ക്കും സാധിക്കില്ല. അതിനാല്‍, സമാധാനം പുനസ്ഥാപിക്കുന്നതിന് തടസ്സമാകുന്ന എല്ലാ നടപടികളും നയങ്ങളും അവസാനിപ്പിക്കുന്നതാണ് ട്രംപിനും കൂട്ടാളികള്‍ക്കും നല്ലത്. ലോക രാഷ്ട്രങ്ങളുടെയും മുസ്‌ലിം സമൂഹത്തിന്റേയും അവകാശത്തെ ബഹുമാനിക്കാന്‍ ഞങ്ങള്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നു.’അദ്ദേഹം പറഞ്ഞു.

ഏത് ആക്രമണത്തെയും നേരിടാന്‍ യെമന്‍ സായുധ സേനകള്‍ സര്‍വ്വ സജ്ജമാണെന്ന് പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍-അതിഫിയും വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള ഏത് തരത്തിലുള്ള ആക്രമണത്തെയും പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനെ ലക്ഷ്യമാക്കി നടന്ന യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങളെയും യെമന്‍ അപലപിച്ചു. ഇത്തരം നീക്കങ്ങള്‍ ‘ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സ്’ (ചെറുത്തുനില്‍പ്പ് മുന്നണി) ശക്തിപ്പെടുത്താനേ സഹായിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ലെബനന്‍, ഇറാഖ്, ഫലസ്തീന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പോരാളികള്‍ തമ്മിലുള്ള ഐക്യവും സൈനിക നടപടികളുടെ ഫലപ്രാപ്തിയും പുതിയ സാഹചര്യത്തില്‍ തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഖലയിലെ സംഘര്‍ഷങ്ങളില്‍ നിര്‍ണായകമായ മറ്റൊരു ചുവടുവെപ്പുകൂടി യെമന്‍ നടത്തിയിട്ടുണ്ട്. മാര്‍ച്ച് 28ന് ഇസ്രഈലിന്റെ തെക്കന്‍ ഭാഗങ്ങളിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യെമന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു.

ഇസ്രഈല്‍ അധിനിവേശ പ്രദേശങ്ങളില്‍ നടന്ന ഈ ആക്രമണം, യു.എസ്-ഇസ്രഈല്‍ ഭീഷണികള്‍ക്കിടയില്‍ ഇറാനെയും മറ്റ് സഖ്യകക്ഷികളെയും സംരക്ഷിക്കാന്‍ യെമന്‍ ഔദ്യോഗികമായി യുദ്ധത്തില്‍ ഇടപെട്ടതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം ബാബ് എല്‍-മന്ദബ് കടലിടുക്ക് പോലുള്ള തന്ത്രപ്രധാനമായ പാതകളുടെ നിയന്ത്രണം യെമന്‍ ശക്തമാക്കുന്നത് ആഗോള വിപണിയെയും രാഷ്ട്രീയത്തെയും ഒരുപോലെ ബാധിക്കുമെന്നിരിക്കെ, യെമന്റെ ഈ നീക്കം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. മുസ്‌ലിം രാഷ്ട്രങ്ങളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന ഉറച്ച നിലപാടിലാണ് ഹൂത്തികളും.

Content Highlight: No one can open up Bab el-Mandeb Strait once shut, Yemen’s Ansarullah warns