എച്ചില്‍ ഇലയില്‍ ശയനപ്രദക്ഷിണം വേണ്ട; മനുഷ്യന്റെ ആരോഗ്യത്തിനും അന്തസിനും ഹാനികരം; മദ്രാസ് ഹൈക്കോടതി
national news
എച്ചില്‍ ഇലയില്‍ ശയനപ്രദക്ഷിണം വേണ്ട; മനുഷ്യന്റെ ആരോഗ്യത്തിനും അന്തസിനും ഹാനികരം; മദ്രാസ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th March 2025, 10:43 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ എച്ചിലിലയില്‍ ശയനപ്രദക്ഷിണം വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. കരൂരിലെ ക്ഷേത്രത്തില്‍ എച്ചിലിലയില്‍ ശയനപ്രദക്ഷിണം നടത്തുന്ന ആചാരത്തിനെതിരെയാണ് കോടതി ഉത്തരവ്.

ശയനപ്രദക്ഷിണം അംഗീകരിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. മനുഷ്യന്റെ ആരോഗ്യത്തിനും അന്തസിനും ഇത്തരം ആചാരങ്ങള്‍ ഹാനികരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ആര്‍.സുരേഷ് കുമാര്‍, ജസ്റ്റിസ് ജി. അരുള്‍ മുരുകന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഭക്തര്‍ ഭക്ഷണം കഴിച്ച ശേഷം എച്ചിലിലയില്‍ കൂടി ശയനപ്രദക്ഷിണം നടത്തണമെന്നാണ് കരൂരിലെ സദാശിവ ബ്രഹ്‌മേന്ദ്രലിന്‍ ജീവസമതിയിലെ ആചാരം. ഇത്തരത്തില്‍ ശയനപ്രദക്ഷിണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജിയാണ് കോടതി റദ്ദാക്കിയത്.

കര്‍ണാടക ഹൈക്കോടതിയുടെ പരിധിയില്‍ ഉയര്‍ന്ന ഇത്തരത്തിലുള്ള ഒരു കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്നും അതിനാല്‍ വാഴയിലയില്‍ ഉരുട്ടുന്നത് പൊതുജനങ്ങള്‍ക്കോ ഭരണഘടനാ ധാര്‍മികതയ്‌ക്കോ എതിരാകുമോയെന്ന് തീരുമാനിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

സുപ്രീം കോടതിയുടെ അന്തിമ തീരുമാനത്തിനായി കക്ഷികള്‍ക്ക് കാത്തിരിക്കാമെന്ന് കോടതി നിരീക്ഷിച്ചു. കരൂര്‍ ജില്ലയിലെ നൂരില്‍ ഭക്തര്‍ ഭക്ഷണം കഴിച്ച ശേഷം അവശേഷിക്കുന്ന വാഴയിലയില്‍ ശയനപ്രദക്ഷിണം ചെയ്യുന്നത് തമിഴ്‌നാട് സര്‍ക്കാരും ജില്ലാ ഭരണകൂടവും അനുവദിക്കരുതെന്നും ജഡ്ജിമാര്‍ നിര്‍ദ്ദേശിച്ചു.

Content Highlight: No need to circumambulate the bed in the presence of sputum; harmful to human health and dignity; Madras High Court