ദേശീയ പദവി വേണ്ട; സ്ഥാനമില്ലാതെയും പ്രവര്‍ത്തിക്കാന്‍ തയ്യാര്‍: അബിന്‍ വര്‍ക്കി
Kerala
ദേശീയ പദവി വേണ്ട; സ്ഥാനമില്ലാതെയും പ്രവര്‍ത്തിക്കാന്‍ തയ്യാര്‍: അബിന്‍ വര്‍ക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th October 2025, 11:17 am

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം നിരസിച്ച് അബിന്‍ വര്‍ക്കി. കേരളത്തില്‍ തുടരാനാണ് താത്പര്യമെന്നും സ്ഥാനം ഇല്ലാതെയും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പേരിനൊപ്പം കോണ്‍ഗ്രസ് എന്നുകൂടി വരുമ്പോള്‍ മാത്രമാണ് തനിക്കൊരു മേല്‍വിലാസം ഉണ്ടാകുന്നതെന്നാണ് വിശ്വസിക്കുന്നതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. അതുകൊണ്ട് തന്നെ ആ മേല്‍വിലാസത്തെ കളങ്കപ്പെടുത്തുന്ന ഒന്നും തന്നെ തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും അബിന്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയോടാണ് ഏറ്റവുമധികം കടപ്പാടുള്ളതെന്നും അബീര്‍ വര്‍ക്കി പറഞ്ഞു. കാരണം രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ നടപ്പിലാക്കിയ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് താന്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘടനാ പദവികളില്‍ എത്തിയത്.

ഈ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കടന്നുപോയ തനിക്ക് ഒരുലക്ഷത്തി എഴുപതിനായിരം വോട്ടുകള്‍ ലഭിച്ചു. അതായത് രണ്ടാം സ്ഥാനത്തെത്തി. അക്കാലയളവ് മുതല്‍ ഒരു ഉപാധ്യക്ഷന്‍ എന്ന നിലയില്‍ തനിക്ക് കഴിയുന്ന അത്രയും കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

‘എന്റെ പാര്‍ട്ടി എന്താണോ എന്നോട് ചെയ്യാന്‍ പറഞ്ഞത്. അതെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്. സമരം ചെയ്യാന്‍ പറഞ്ഞു, ജയിലില്‍ പോകാന്‍ പറഞ്ഞു. കേസുണ്ടാക്കാന്‍ പറഞ്ഞു, ടി.വിയില്‍ പോകാന്‍ പറഞ്ഞു… അങ്ങനെ എല്ലാം ചെയ്തു,’ അബിന്‍ വര്‍ക്കി പ്രതികരിച്ചു.

തന്റെ പാര്‍ട്ടി ഒരു മഹായുദ്ധമാണ് കേരളത്തില്‍ നടത്തുന്നത്. അപ്പോള്‍ താനുള്‍പ്പെടെ കേരളത്തില്‍ ഉണ്ടാവേണ്ട ഒരു അനിവാര്യതയുണ്ട്. കാരണം, കഴിഞ്ഞ കുറേ നാളുകളായി താനടക്കമുള്ള ആളുകള്‍ സാധാരണക്കാരായ മനുഷ്യരോടൊപ്പം ഈ നാട്ടിലെ കമ്മ്യൂണിസ്റ്റ്-ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പോരാടുകയാണെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

കേരളം ഇപ്പോള്‍ തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടാന്‍ പോകുകയാണ്. അതിനാല്‍ അന്നും ഇന്നും കേരളത്തില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അബിന്‍ വര്‍ക്കി വ്യക്തമാക്കി. കേരളത്തിൽ തുടരാൻ അനുവദിക്കണം, ഇതൊരു അഭ്യർത്ഥനയാണെന്നും അബിൻ വർക്കി പറഞ്ഞു.

Content Highlight: No need for national status; ready to work even without a position: Abin Varkey