തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നല്‍കിയ ലൈംഗിക പീഡനപരാതിയില്‍ നിയമപോരാട്ടത്തിന് താത്പര്യമില്ലെന്ന് അറിയിച്ച് പരാതിക്കാരായ യുവതികള്‍.
രാഹുലിനെതിരെമൊഴി നല്‍കാന്‍ തയ്യാറല്ലെന്ന് യുവതികള്‍ അന്വേഷണസംഘത്തെ അറിയിച്ചു. കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ താത്പര്യമില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ ഇവര്‍ അറിയിച്ചിരിക്കുന്നത്. കേസില്‍ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം സമീപിച്ചപ്പോഴാണ് പരാതിക്കാരായ രണ്ടുപേര്‍ പിന്മാറിയത്.
അതേസമയം, ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ആരോപിക്കപ്പെട്ടത് എന്നതുകൊണ്ടുതന്നെ പൊലീസിന്റെ നിലപാട് കൂടി കണക്കിലെടുത്തായിരിക്കും കേസില്‍ തുടരന്വേഷണം നടക്കുക.
നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പരാതികളുടെ പരമ്പര തന്നെയാണ് പുറത്തെത്തിയത്. പ്രണയം നടിച്ച് പീഡനത്തിനിരയാക്കി, സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, വധഭീഷണി മുഴക്കി തുടങ്ങി നിരവധി പരാതികളാണ് രാഹുലിനെതിരെ ഉയര്‍ന്നത്.
ഗര്‍ഭഛിദ്രത്തിന് തയ്യാറായില്ലെങ്കില്‍ തന്റെ രാഷ്ട്രീയഭാവി നശിക്കുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോയും ഇതിനിടെ പുറത്തെത്തിയിരുന്നു.
ഇതിനിടെ രാഹുലിനെതിരെ യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ശക്തമായ നടപടികളെടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും രാഹുല്‍ രാജിവെച്ചിരുന്നു. പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാഹുലിനെ ആറ് മാസത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് വ്യാജ ഐ.ഡി കാര്‍ഡ് തയ്യാറാക്കിയ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തുക്കളെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. രാഹുലിന്റെ നാല് സുഹൃത്തുക്കളെയാണ് പ്രതിപ്പട്ടികയില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്. പത്തനംതിട്ട കെ.എസ്.യു ജില്ലാനേതാവ് നൂബിന്‍ ബിനു അടൂര്‍ സ്വദേശികളായ അശ്വന്ത്, ജിഷ്ണു, ചാര്‍ളി തുടങ്ങിവരെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്.
Content Highlight: No interest in legal action against Rahul Mamkootathil; Complainants to investigation team