കരുവന്നൂരിലെ ഒരു പ്രതിയുമായും ബന്ധമില്ല, അനില്‍ അക്കരയുടെ ആരോപണങ്ങളെ നേരിടും: പി.കെ.ബിജു
Kerala News
കരുവന്നൂരിലെ ഒരു പ്രതിയുമായും ബന്ധമില്ല, അനില്‍ അക്കരയുടെ ആരോപണങ്ങളെ നേരിടും: പി.കെ.ബിജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th September 2023, 5:49 pm

കോഴിക്കോട്: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി തനിക്കെതിരെ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐ.എം നേതാവ് പി.കെ. ബിജു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഒരു പ്രതിയുമായും തനിക്ക് ബന്ധമില്ലെന്നും അനില്‍ അക്കരയുടെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ അദ്ദേഹം ഹാജരാക്കട്ടെ എന്നും പി.കെ.ബിജു വെല്ലുവിളിച്ചു.

ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും, ഈ ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുന്നമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നയായിരുന്നു മുന്‍ ആലത്തൂര്‍ എം.പി.കൂടിയായ പി.കെ. ബിജു.

’30 വര്‍ഷമായി പൊതുപ്രവര്‍ത്തനം നടത്തുന്ന ആളാണ് ഞാന്‍ തന്റെയോ പങ്കാളിയുടേയോ പേരില്‍ വീടോ സ്ഥലമോ ഇല്ല. പോകുന്ന ഇടത്തെല്ലാം വാടക വീടെടുത്താണ് താമസിക്കുത്. സ്വന്തം അക്കൗണ്ടില്‍ നിന്ന് തന്നെയാണ് വാടക കൊടുക്കുന്നത്. തനിക്കൊരു മെന്റര്‍മാരുമില്ല. ജനങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ മെന്റര്‍മാര്‍.

2009ല്‍ താന്‍ മത്സരിക്കുന്ന കാലം മുതല്‍ അനില്‍ അക്കര വ്യക്തിഹത്യ നടത്തിവരുന്നുണ്ട്. നാട്ടില്‍ സാധാരണക്കാരന് ചെയ്യാന്‍ പറ്റാത്തതിന് പുറത്തുള്ള ഏതെങ്കിലും സാമ്പത്തിക ഇടപാടുകള്‍ ഞാന്‍ നടത്തിയിട്ടുണ്ടെങ്കില്‍ അനില്‍ അക്കര തെളിവുകള്‍ പുറത്തുവിടട്ടെ. കരുവന്നൂര്‍ ബാങ്കിന്റെ ഒരു കാര്യത്തിലും ഞാന്‍ ഇടപെട്ടിട്ടില്ല. അനില്‍ അക്കര ഇ.ഡി.യുടെ ആളാണോ? ഇ.ഡി. പരാമര്‍ശിച്ച എം.പി. ഞാനാണെന്ന് അദ്ദേഹം എങ്ങനെയാണ് പറയുന്നത്,’ പി.കെ. ബിജു ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ അനില്‍ അക്കരെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പി.കെ. ബിജുവിനും പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ചത്. ഇ.ഡിയുടേതായി പുറത്തു വന്ന രേഖകളില്‍ പരാമര്‍ശിക്കുന്ന വ്യക്തി പി.കെ. ബിജുവാണെന്നായിരുന്നു അനില്‍ അക്കരെയുടെ ആരോപണം. ഈ ആരോപണങ്ങളാണ് ഇപ്പോള്‍ പി.കെ.ബിജു തള്ളിയിരിക്കുന്നത്.

content highlights: No connection with any accused in Karuvannur,  will face Anil Akkara’s allegations: PK Biju