വെല്ലുവിളി വേണ്ട വഴങ്ങില്ല; ക്രൈസ്തവ മാനേജ്മെന്റുകൾക്കെതിരെ വി.ശിവൻകുട്ടി
Kerala
വെല്ലുവിളി വേണ്ട വഴങ്ങില്ല; ക്രൈസ്തവ മാനേജ്മെന്റുകൾക്കെതിരെ വി.ശിവൻകുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd October 2025, 2:20 pm

തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക നിയമന വിവാദത്തിൽ ക്രൈസ്തവ മാനേജ്മെന്റുകൾക്കെതിരെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. മതവും ജാതിയും നോക്കി വിരട്ടാൻ നോക്കേണ്ടെന്നും അനാവശ്യ വെല്ലുവിളികൾക്ക് വഴങ്ങില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

സംവരണവുമായി ബന്ധപ്പെട്ട സമരങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈസ്തവ സഭകൾ ഭിന്നശേഷി നിയമനത്തിൽ സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച ദീപിക ദിനപത്രത്തിൽ വന്ന മുഖപ്രസംഗത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

2021 മുതൽ ഈ വിഷയത്തിൽ പ്രശ്നം ഉണ്ടെന്നും നാല് വർഷക്കാലം കോടതിയിൽ പോകാത്തവർ സർക്കാരിന്റെ അവസാന രാഷ്ട്രീയ കാലഘട്ടത്തിൽ സമരങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.

മാനേജ്മെന്റുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും വി.ശിവന്കുട്ടി വിമർശിച്ചു. 5000ത്തിലധികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യേണ്ടത് എന്നാൽ അതിൽ 1500ൽ താഴെ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു. റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയപരമായി ഈ വിഷയത്തെ കാണുന്നുണ്ടെങ്കിൽ അതിനു മുന്നിൽ സർക്കാർ കീഴടങ്ങില്ലെന്നും സമാധാനപരമായി പോകുന്ന വിദ്യാഭാസ രംഗത്തെ മതവും ജാതിയും വച്ച് മാറ്റാൻ നോക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിമോചന സമരങ്ങൾ അന്ന് നടത്താൻ സാധിച്ചിട്ടുണ്ടാകാം എന്നാൽ ഇന്നതിന് സാധ്യമല്ലെന്നും ചർച്ചകൾക്ക് സർക്കാർ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ദേശീയ നയ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തനിക്കും കത്ത് അയച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ നയത്തിലെ 75 % കാര്യങ്ങളും നടത്തിയെന്നും ശിവൻകുട്ടി പറഞ്ഞു. സഭ സമ്മേളനം പൂർത്തിയായതിനു ശേഷം താൻ കേന്ദ്ര സർക്കാരുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ക്രൈസ്തവ സഭകൾ ഭിന്നശേഷിക്കാർക്കെതിരാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുണ്ടെന്നും ക്രൈസ്തവ മാനേജ്മെന്റുകൾ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും രൂപത പറഞ്ഞു.

Content Highlight: No challenge, no surrender; V. Sivankutty against Christian managements