യുവാവിനെ മര്‍ദ്ദിച്ച സംഭവം; കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ കേസെടുത്തില്ല
Kerala News
യുവാവിനെ മര്‍ദ്ദിച്ച സംഭവം; കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ കേസെടുത്തില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th June 2018, 12:36 pm

തിരുവനന്തപുരം: കാറിന് സൈഡ് തന്നില്ലെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ കേസെടുത്തില്ല. ഗണേഷ് കുമാറിനെതിരെ അഞ്ചലിലെ വീട്ടമ്മ സംഭവത്തിന് പിന്നാലെ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

എന്നാല്‍ പരാതിക്കാരനായ അനന്തകൃഷ്ണനും അമ്മ ഷീനയ്ക്കുമെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്ക് വേണ്ടി പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംഭവം നടന്ന അന്നുതന്നെ അമ്മ ഷീന പൊലീസില്‍ പരാതി നല്‍കിയിരുന്നു.


പൊലീസിലെ ദാസ്യവേല: എ.ഡി.ജി.പി സുധേഷ് കുമാറിനെ സ്ഥാനത്തുനിന്നും നീക്കി


എന്നാല്‍ നാലു ദിവസം പിന്നിട്ടിട്ടും അതില്‍ കേസെടുക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. ഡി.വൈ.എസ്.പി, മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്കും ഷീന പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം, ഗണേഷ് കുമാറിനെതിരെ പരാതിപ്പെട്ടയാളെ ജാമ്യം കിട്ടാത്ത കേസില്‍ പ്രതിയാക്കിയ പൊലീസ് നടപടിയില്‍ പുനഃപരിശോധനയുമില്ല.

അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഇതുവരെ മാറ്റിയില്ല. അതേസമയം കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ഉന്നതരില്‍ ചിലര്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്.

കാറിനു സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചതായാണ് പരാതി. കൊല്ലം സ്വദേശി അനന്തകൃഷ്ണനാണ് പത്തനാപുരം എം.എല്‍.എക്കെതിരെ പരാതി നല്‍കിയത്.

അഞ്ചലില്‍ അഗസ്ത്യകോട് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തുവെന്നും അനന്തകൃഷ്ണന്‍ പറഞ്ഞു.

ഒരു വാഹനത്തിനു മാത്രം കടന്നുപോകാവുന്ന റോഡില്‍വെച്ച് എം.എല്‍.എയ്ക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. മരണവീട്ടിലേക്ക് വന്നതായിരുന്നു ഇരുകൂട്ടരും. അനന്തകൃഷ്ണന്‍ അഞ്ചല്‍ ഗവ.ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.

രാഷ്ട്രീയത്തില്‍ ആരോപണങ്ങള്‍ സാധാരണമാണെന്നും വിവാദങ്ങളെകുറിച്ച് പ്രതികരിക്കാനില്ലെന്നുമാണ് വിഷയത്തില്‍ ഗണേഷ് കുമാര്‍ പറഞ്ഞത്.

അതേസമയം എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് തിടുക്കപ്പെട്ടു കേസെടുക്കുകയും ചെയ്തിരുന്നു.

പൊലീസുകാരന്റെ പരാതിയില്‍ എ.ഡി.ജി.പിയുടെ മകള്‍ക്കെതിരെയും പൊലീസ് ഡ്രൈവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഗവാസ്‌കറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നതിനാണ് എ.ഡി.ജി.പിയുടെ മകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തത്. എ.ഡി.ജി.പിയുടെ മകളുടെ പരാതിയില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നതിനാണ് ഗവാസ്‌കര്‍ക്കെതിരെ കേസ്.