പൊലീസിലെ ദാസ്യവേല: എ.ഡി.ജി.പി സുധേഷ് കുമാറിനെ സ്ഥാനത്തുനിന്നും നീക്കി
kERALA NEWS
പൊലീസിലെ ദാസ്യവേല: എ.ഡി.ജി.പി സുധേഷ് കുമാറിനെ സ്ഥാനത്തുനിന്നും നീക്കി
ന്യൂസ് ഡെസ്‌ക്
Saturday, 16th June 2018, 12:02 pm

തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മര്‍ദ്ദിക്കുകയും ദാസ്യപ്പണി എടുപ്പിക്കുകയും ചെയ്ത സംഭവത്തില്‍ എ.ഡി.ജി.പി. സുധേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തു നിന്നും മാറ്റി. വിഷയത്തില്‍ ധാരാളം പരാതികള്‍ ഉയര്‍ന്നതോടെയാണ് എ.ഡി.ജി.പിയെ സ്ഥാനത്തു നിന്നും നീക്കിയിരിക്കുന്നത്. എ.ഡി.ജി.പി. അനന്തകൃഷ്ണനെയാണ് പുതിയ മേധാവിയായി നിയമിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എ.ഡി.ജി.പി. സുധേഷ് കുമാറിന് പുതിയ നിയമനം തല്‍ക്കാലം നല്‍കേണ്ടതില്ലെന്നും, പൊലീസ് ആസ്ഥാനത്ത് ഉടനെ റിപ്പോര്‍ട്ടു ചെയ്തതിനു ശേഷം ബാക്കി നടപടികളെക്കുറിച്ച് അറിയിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനമുപയോഗിച്ച് കൂടുതല്‍ പൊലീസുകാരെ ദാസ്യവേലയ്ക്കു നിര്‍ബന്ധിക്കാന്‍ സാഹചര്യമുള്ളതിനാല്‍, പുതിയ നിയമനം പൊലീസ് സേനയ്ക്കു പുറത്താവാനാണ് സാധ്യത.


Also Read: വാല്‍പ്പാറയില്‍ വീട്ടമ്മയെ പുലി കടിച്ചുകൊന്നു


ബറ്റാലിയന്‍ എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ഡ്രൈവര്‍ ഗവാസ്‌കറാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം രാവിലെ എ.ഡി.ജി.പിയുടെ മകളെയും ഭാര്യയെയും ഔദ്യോഗിക വാഹനത്തില്‍ പ്രഭാത നടത്തത്തിനായി കൊണ്ടു പോയപ്പോള്‍ മകള്‍ ചീത്ത വിളിച്ചെന്നും എതിര്‍ത്തപ്പോള്‍ മൊബൈല്‍ ഫോണുകൊണ്ട് കഴുത്തിന് പിന്നില്‍ അടിച്ചെന്നുമാണ് പരാതി.

എ.ഡി.ജി.പിയുടെ വീട്ടില്‍ അടിമപ്പണി ചെയ്യേണ്ടി വന്നെന്ന് ഗവാസ്‌കര്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തിരുന്നു.