ലീഗിന് മൂന്നാം സീറ്റില്ലെന്ന് കോൺഗ്രസ്‌; പകരം രാജ്യസഭാ സീറ്റ് നൽകാൻ ധാരണ
national news
ലീഗിന് മൂന്നാം സീറ്റില്ലെന്ന് കോൺഗ്രസ്‌; പകരം രാജ്യസഭാ സീറ്റ് നൽകാൻ ധാരണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th February 2024, 12:04 pm

തിരുവനന്തപുരം: മുസ്‌ലിം ലീഗിന് ലോക്സഭയിൽ മൂന്നാം സീറ്റില്ലെന്ന് കോൺഗ്രസ്. പകരം രാജ്യസഭാ സീറ്റ് നൽകാൻ ധാരണയായി.

ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ്‌ ബഷീറും അബ്ദുൽ സമദ് സമദാനിയും സീറ്റുകൾ പരസ്പരം വെച്ചുമാറിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പൊന്നാനി വലിയ മണ്ഡലമായതുകൊണ്ടും ഇ.ടിയുടെ ആരോഗ്യ സാഹചര്യങ്ങൾ പരിഗണിച്ചും മലപ്പുറം സീറ്റിലേക്ക് മാറുന്നതെന്നാണ് സൂചന.

ലീഗിന് ലോക്സഭയിൽ മൂന്നാം സീറ്റുണ്ടാകില്ല എന്ന് കോൺഗ്രസ്‌ ഔദ്യോഗികമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളെ അറിയിച്ചുവെന്നാണ് വിവരം.

നിലവിൽ പൊന്നാനിയും മലപ്പുറവുമാണ് ലീഗിന്റെ സിറ്റിങ് മണ്ഡലങ്ങൾ.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായും മൂന്നാം സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. ആവശ്യം അന്ന് പരിഗണിക്കപ്പെട്ടില്ല. ഈ പ്രാവശ്യവും പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ മുസ്‌ലിം ലീഗിന് മൂന്നാം സീറ്റിനുള്ള അർഹതയുണ്ടെന്ന് നിരന്തരം അവകാശപ്പെട്ടിരുന്നു.

അതേസമയം മൂന്നാം സീറ്റ് ചർച്ചകൾ അവസാനിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായും സാദിഖലി തങ്ങളുമായും ഫോൺ വഴി ചർച്ച നടത്തിയിട്ടുണ്ടെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

മൂന്നാം സീറ്റിന്റെ കാര്യം ഇടയ്ക്കിടെ പറയേണ്ടതില്ലെന്നും യു.ഡി.എഫ് യോഗത്തിനുശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് മുസ്‌ലിം ലീഗ് എന്നും മൂന്നാം സീറ്റിന് തങ്ങൾക്ക് അർഹതയുണ്ടെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഡോക്ടർ എം.കെ.
മുനീറും പറഞ്ഞിരുന്നു.

CONTENT HIGHLIGHT: No 3rd seat for Muslim league; plan to give rajya sabha seat