വര്‍ഷങ്ങള്‍ക്ക് ശേഷം; ആ സിനിമയില്‍ ഞാന്‍ ഒരുപാട് തലവേദനയെടുത്ത് ചെയ്ത ഒരു സീനുണ്ട്: നിവിന്‍ പോളി
Malayalam Cinema
വര്‍ഷങ്ങള്‍ക്ക് ശേഷം; ആ സിനിമയില്‍ ഞാന്‍ ഒരുപാട് തലവേദനയെടുത്ത് ചെയ്ത ഒരു സീനുണ്ട്: നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th May 2024, 9:37 pm

വിനീത് ശ്രീനിവാസന്റേതായി ഏറ്റവും പുതുതായി തിയേറ്ററിലെത്തിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീതും പ്രണവ് മോഹന്‍ലാലും ഒന്നിച്ച ചിത്രമായിരുന്നു ഇത്. പ്രണവും ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിച്ച ചിത്രത്തില്‍ വന്‍ താരനിര തന്നെയായിരുന്നു ഒന്നിച്ചത്.

സിനിമയില്‍ ഒരു അതിഥിവേഷത്തില്‍ നിവിന്‍ പോളിയും എത്തിയിരുന്നു. നിതിന്‍ മോളിയെന്ന കഥാപാത്രമായാണ് താരം വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ അഭിനയിച്ചത്. ആ സിനിമയെ കുറിച്ച് പറയുകയാണ് നിവിന്‍. വളരെ ചുരുക്കം ദിവസങ്ങള്‍ കൊണ്ട് ഷൂട്ട് ചെയ്ത് തീര്‍ത്ത സിനിമയാണ് ഇതെന്നാണ് താരം പറയുന്നത്.

താന്‍ ആദ്യമായി വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ ലൊക്കേഷനില്‍ എത്തിയ ദിവസം തന്നെ വിനീത് അഞ്ച് സീനുകളാണ് ഷൂട്ട് ചെയ്ത് തീര്‍ത്തതെന്നും നിവിന്‍ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ മലയാളി ഫ്രം ഇന്ത്യയുടെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എം മലയാളത്തിനോട് സംസാരിക്കുകയായിരുന്നു താരം.

‘വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയെ കുറിച്ച് ചോദിച്ചാല്‍ വളരെ ചുരുക്കം ദിവസങ്ങള്‍ കൊണ്ട് ഷൂട്ട് ചെയ്ത് തീര്‍ത്ത ഒരു സിനിമയായിരുന്നു അത്. ഞാന്‍ ആദ്യമായി ആ ലൊക്കേഷനില്‍ എത്തിയ ദിവസം തന്നെ അഞ്ച് സീനുകളാണ് ഷൂട്ട് ചെയ്ത് തീര്‍ത്തത്.

എന്നാല്‍ മറ്റു സിനിമകളില്‍ ഒരു ദിവസം ഒന്നോ അല്ലെങ്കില്‍ ഒന്നരയോ സീനുകളാണ് എടുക്കാറുള്ളത്. ഇവിടെ അഞ്ച് സീനുകളാണ് വിനീത് ഒരു ദിവസമെടുത്തു പോവുക. ഹോട്ടല്‍ മുറിയിലെ സീനൊക്കെ ഞാന്‍ ഒരുപാട് തലവേദനയെടുത്ത് ചെയ്ത സീനാണ്.

കാരണം അതിന്റെ തൊട്ടുമുമ്പായിരുന്നു അതിലെ ഇനോഗ്രേഷന്‍ സീന്‍ ഷൂട്ട് ചെയ്തത്. മൂന്നുമണി വരെയൊക്കെയാണ് ഞങ്ങള്‍ ബ്രേക്കില്ലാതെ അവിടെ നിന്ന് ഷൂട്ട് ചെയ്തത്. ഹോട്ടല്‍ മുറിയിലെ സീനെടുക്കും മുമ്പ് വിനീതേ എനിക്ക് കുറച്ച് റെസ്റ്റെടുക്കണമെന്ന് ഞാന്‍ പറഞ്ഞു.

‘ആഹ്, നീ റെസ്റ്റെടുത്തോ. ഒരു നാലേ നാല്‍പതിനൊക്കെ തിരിച്ചു വന്നാല്‍ മതി’ എന്നാണ് അവന്‍ പറഞ്ഞത്. ആകെ ഒരു നാല്‍പതോ നാല്‍പത്തിയഞ്ചോ മിനിറ്റാണ് റെസ്റ്റെടുക്കാന്‍ സമയമുണ്ടായിരുന്നത്. അതോടെ ഞാന്‍ റെസ്റ്റെടുക്കുന്നില്ലെന്ന് പറഞ്ഞു. അത്തരത്തില്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് തീര്‍ത്ത സിനിമയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം,’ നിവിന്‍ പോളി പറയുന്നു.


Content Highlight: Nivin Pauly Talks About Varshangalkku Shesham Movie Hotel Room Scene