ഒരു കാലത്ത് സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ പോലെ ബോക്‌സ് ഓഫീസ് നിറച്ച നടനാണ് നിവിന്‍ പോളി. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ നിവിന്‍ പെട്ടെന്ന് തന്നെ സൗത്തിന്ത്യയിലെ തിരക്കുള്ള താരമായി മാറുകയായിരുന്നു.
നേരം, തട്ടത്തിന്‍ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടര്‍ച്ചയായി ഹിറ്റ് ചാര്‍ട്ടില്‍ കയറ്റിയിരുന്ന നടനായിരുന്നു നിവിന്‍. നടന്റെ കരിയറിലെ മികച്ച സിനിമകളാണ് നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്, തട്ടത്തിന്‍ മറയത്ത് എന്നിവ.
ഈ നാല് സിനിമകളില്‍ നിവിന്റെ നായികമാരായി എത്തിയത് നസ്രിയയും ഇഷ തല്‍വാറുമായിരുന്നു. നസ്രിയയും നിവിനും നേരം, ഓം ശാന്തി ഓശാന എന്നീ സിനിമകളിലും ഇഷയും നിവിനും ബാംഗ്ലൂര്‍ ഡേയ്‌സ്, തട്ടത്തിന്‍ മറയത്ത് എന്നീ സിനിമകളിലുമായിരുന്നു പെയറായി എത്തിയത്.
കുറഞ്ഞ സിനിമകളിലൂടെ തന്നെ ഈ ജോഡികളെ മലയാളികള്‍ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ നസ്രിയയെയും ഇഷ തല്‍വാറിനെയും കുറിച്ച് പറയുകയാണ് നിവിന്‍ പോളി. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിനോട് സംസാരിക്കുകയായിരുന്നു നടന്‍.
‘നസ്രിയയും ഇഷയും എന്റെ നായികയായി രണ്ട് ചിത്രങ്ങളില്‍ മാത്രമേ അഭിയനയിച്ചിട്ടുള്ളൂ. അവ രണ്ടും ഹിറ്റുകളുടെ പട്ടികയില്‍ എത്തിയപ്പോള്‍ ആ ജോടികള്‍ പ്രേക്ഷക പ്രീതിയുള്ളതായി മാറുകയായിരുന്നു.
ചില നായികമാരോട് ചേരുമ്പോഴാണ് അത്തരം സൗഭാഗ്യങ്ങള്‍ ലഭിക്കുന്നത്. പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന ആ ജോടിയില്‍ സിനിമ ചെയ്യാന്‍ എനിക്കും ആഗ്രഹമുണ്ട്. നല്ല സിനിമയും നല്ല കഥാപാത്രങ്ങളും കിട്ടിയാല്‍ ആ ഹിറ്റ് ജോഡി ആവര്‍ത്തിക്കും,’ നിവിന്‍ പോളി പറയുന്നു.
നടന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് പ്രേമം. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഈ ചിത്രം ഇറങ്ങിയിട്ട് ഇപ്പോള്‍ പത്ത് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഈ സിനിമയെ കുറിച്ചും നിവിന്‍ അഭിമുഖത്തില്‍ സംസാരിക്കുന്നു.
‘അന്ന് സിനിമയുടെ ടൈറ്റിലിനെ കുറിച്ച് ആലോചിച്ചപ്പോഴാണ് പ്രേമം എന്ന പേരില്‍ ഒരു ചിത്രം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് മനസിലായത്. സിനിമയിലെ അനിവാര്യ വിഷയമായിട്ടും ആ ടൈറ്റില്‍ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു.
പ്രേമത്തിലെ എന്റെ കഥാപാത്രത്തെ കുറിച്ച് ചോദിച്ചാല്‍, ഞാന്‍ ഏറെ ഹോംവര്‍ക്കോടെയാണ് ജോര്‍ജ് എന്ന നായകവേഷം ചെയ്തത്. വ്യത്യസ്ത കാലങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രത്തിന്റെ ജീവിത കാലം പിടിക്കാന്‍ വേണ്ടി ആറു മാസം ഞങ്ങള്‍ ഉപയോഗിച്ചു.
ഇത്തരം പാറ്റേണില്‍ എത്തിയ ഒരു സിനിമ മലയാളത്തില്‍ അതിന് മുമ്പ് അധികം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെയാണ് വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും പ്രേമം എന്നുമൊരു നൊസ്റ്റാള്‍ജിയ പോലെ നിലനില്‍ക്കുന്നത്,’ നിവിന്‍ പോളി പറയുന്നു.
Content Highlight: Nivin Pauly Talks About Nazriya And Isha Talwar