ഒരു കാലത്ത് സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ പോലെ ബോക്‌സ് ഓഫീസ് നിറച്ച നടനാണ് നിവിന്‍ പോളി. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ നിവിന്‍ പെട്ടെന്ന് തന്നെ സൗത്തിന്ത്യയിലെ തിരക്കുള്ള താരമായി.
നേരം, തട്ടത്തിന്‍ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടര്‍ച്ചയായി ഹിറ്റ് ചാര്‍ട്ടില്‍ കയറ്റിയിരുന്ന നടനായിരുന്നു നിവിന്‍ പോളി. എന്നാല്‍ കുറച്ചുനാളായി നല്ലൊരു ബോക്‌സ് ഓഫീസ് വിജയം അദ്ദേഹത്തിനില്ല. അവസാനമിറങ്ങിയ നിവിന്‍ പൊളി ചിത്രം മലയാളി ഫ്രം ഇന്ത്യയും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു.
തന്റെ പ്രേക്ഷകരോടുള്ള നന്ദി അറിയിക്കുകയാണ് നിവിന്‍ പോളി. ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍ തന്റെ കൂടെ നിന്നാണ് ജനങ്ങളും പ്രേക്ഷകരുമാണെന്ന് നിവിന്‍ പോളി പറയുന്നു. ജനങ്ങള്‍ തന്റെ മേല്‍ അര്‍പ്പിച്ച സ്‌നേഹത്തിനും വിശ്വാസത്തിനും നന്ദിയെന്നും നിവിന്‍ പറഞ്ഞു. ഈ വര്‍ഷം നല്ല സിനിമകളുമായി താന്‍ വരുമെന്നും ആ സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലമ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിവിന്‍ പോളി.
‘ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍ കൂടെ നിന്നത് ജനങ്ങളാണ്, പ്രേക്ഷകരാണ്. അതിന് ഒരുപാട് നന്ദി. നിങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി. നിങ്ങളുടെ സ്‌നേഹത്തിന് നന്ദി പറയാന്‍ എനിക്ക് ഇതുവരെ ഒരു വേദി കിട്ടിയിട്ടില്ല.
അതുകൊണ്ടാണ് ഈ സമയം ഞാന്‍ അതിനായി ഉപയോഗിച്ചത്. ഈ വര്‍ഷം നല്ല സിനിമകളുമായി നിങ്ങളുടെ മുന്നില്‍ വരും. നിങ്ങളുടെ പ്രോത്സാഹനവും സ്‌നേഹവും എന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,’ നിവിന്‍ പോളി പറയുന്നു.