പ്രേക്ഷകരെ പറ്റിക്കാതിരിക്കുക, അവർക്ക് വേണ്ടിയുള്ള നല്ല സിനിമകൾ ചെയ്താൽ നമ്മളെ സ്നേഹിച്ചു കൊല്ലും: നിവിൻ പോളി
malayalam movie
പ്രേക്ഷകരെ പറ്റിക്കാതിരിക്കുക, അവർക്ക് വേണ്ടിയുള്ള നല്ല സിനിമകൾ ചെയ്താൽ നമ്മളെ സ്നേഹിച്ചു കൊല്ലും: നിവിൻ പോളി
നന്ദന. ടി
Tuesday, 25th August 2026, 6:00 pm

കഴിഞ്ഞ കുറച്ചു വർഷങ്ങളായി തനിക്ക് ഏറെ വഴക്കമുള്ള ഫീൽ-ഗുഡ്, റൊമാന്റിക് കോമഡി ഴോണറുകൾ മാറ്റിപിടിച്ചു കൊണ്ടുള്ള നിവിൻ പോളിയുടെ പല പരീക്ഷണ ചിത്രങ്ങളും ബോക്സ് ഓഫീസിൽ നിരാശ സമ്മാനിച്ചിരുന്നു.

തമാശയും കുസൃതിയും നിറഞ്ഞ നിവിന്റെ ആ പഴയ അഭിനയ ശൈലിയും സ്ക്രീൻ പ്രസൻസും പ്രേക്ഷകർ ഏറെ മിസ് ചെയ്ത ഒന്നായിരുന്നു. പിന്നീട് 2025 ൽ പുറത്തിറങ്ങിയ അഖിൽ സത്യൻ ചിത്രം സർവം മായയിലെ നിവിന്റെ പ്രകടനത്തിന് നടന്റെ തിരിച്ചുവരെവെന്ന രീതിയിൽ ഉള്ള മികച്ച പ്രതികരണങ്ങൾ ആണ് ലഭിച്ചിരുന്നത്.

തുടർന്ന്, ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ നിവിൻ പോളി- മമിതാ ബൈജു കൂട്ടുകെട്ടിൽ തീയേറ്ററുകളിൽ എത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റിലെ നിവിന്റെ അഭിനയം പ്രേക്ഷക പ്രതീക്ഷകളെ പൂർണമായും ശരിവെക്കുന്ന ഒന്നായിരുന്നു. ചിത്രത്തിലൂടെ നടൻ തന്റെ ട്രാക്കിലേക്ക് ഗംഭീരമായി തിരിച്ചെത്തിയിരിക്കുകയാണ് എന്നാണ് ആരാധകരുടെ അഭിപ്രയങ്ങൾ. സിനിമയുടെ വിജയത്തിന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയാണ് നിവിൻ പോളി.

നിവിൻ പോളി. Photo. Screen grab/ Youtube

തന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പ്രേമത്തിന്റെ വിജയത്തിൽ നിന്നും വളരെ വ്യത്യസ്തമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ വിജയത്തിനു പിന്നാലെയുള്ള പ്രതികരണങ്ങൾ എന്ന് പറയുകയാണ് നിവിൻ പോളി.

‘പ്രേമം സിനിമ ഹിറ്റ് അടിച്ചപ്പോൾ ഏകദേശം ഈയൊരു അന്തരീക്ഷം ഒക്കെ തന്നെ ആയിരുന്നു. പക്ഷെ ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ വിജയം മറ്റൊരു രീതിയിലാണ്. ആളുകളുടെ നേരിട്ടുള്ള പ്രതികരണങ്ങളിൽ ആയാലും സോഷ്യൽ മീഡിയയിൽ വരുന്ന പ്രതികരണങ്ങളിൽ ആയാലും അത് പ്രകടമാണ്. ചിത്രം ആളുകളിലേക്ക് അത്രത്തോളം കണക്ട് ആയതുകൊണ്ടാണ് അവർ ആ സന്തോഷം പങ്കുവെക്കുന്നത്,’ നടൻ പറഞ്ഞു.

റോം-കോം ഴോണറിൽ വരുന്ന സിനിമകൾ ആളുകളിലേക്ക് കണക്ട് ചെയ്യിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും നിവിൻ പോളി പറയുന്നു.

‘ഒരു സിനിമ ചെയ്ത് ആളുകളിലേക്ക് കണക്ട് ചെയ്യിക്കുക എന്നത് ചെറിയ കാര്യമല്ല, പ്രത്യേകിച്ച് റോം-കോം സിനിമകൾ. കാരണം ആ ഴോണറിൽ വലിയ സംഭവങ്ങൾ ഒന്നും ഉണ്ടാകില്ല, മനുഷ്യരുടെ കഥകൾ മാത്രമാണ് ഉള്ളത്. അതിനാൽ അത്തരം ചെറിയ സിനിമകളിലൂടെ ആളുകളിലേക്ക് എത്തുവാൻ സാധിച്ചാൽ അവർ നമ്മളെ സ്നേഹിച്ചു കൊല്ലും,’ നിവിൻ പറഞ്ഞു.

സത്യസന്ധമായി സിനിമകൾ ചെയ്താൽ പ്രേക്ഷകർക്ക് സ്നേഹം തിരിച്ചറിയാൻ സാധിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. District

പ്രേക്ഷകരെ മനസിലാക്കി കുറച്ചുകൂടി സെൻസിബിൾ ആയി സിനിമകൾ തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. നമ്മൾ ചെയ്യുന്ന സിനിമകൾ എല്ലാം ഹിറ്റ് ആകണമെന്നില്ല. ആരുടെയും കരിയർ അത്ര സ്മൂത്ത് ആകില്ല. പക്ഷെ മാക്സിമം നമ്മൾ സത്യസന്ധരായിരിക്കുക, പ്രേക്ഷകരെ പറ്റിക്കാതിരിക്കുക. അവർക്ക് നല്ല സിനിമകൾ നൽകാൻ ശ്രമിച്ചാൽ അവർ തിരിച്ചു വലിയ സ്നേഹം കാണിക്കും,’ നിവിൻ പോളി പറഞ്ഞു.

Content Highlight: Nivin Pauly talks about doing good movies without deceiving the audience, they will return that love

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം