'ബെന്‍സി'ല്‍ മുഴുവന്‍ ചോരക്കളി; വില്ലനാണെങ്കിലും അയാള്‍ക്കൊരു ഡാര്‍ക്ക് ഹ്യൂമര്‍ വശമുണ്ട്: നിവിന്‍ പോളി
Malayalam Cinema
'ബെന്‍സി'ല്‍ മുഴുവന്‍ ചോരക്കളി; വില്ലനാണെങ്കിലും അയാള്‍ക്കൊരു ഡാര്‍ക്ക് ഹ്യൂമര്‍ വശമുണ്ട്: നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th December 2025, 10:21 pm

ലോകേഷ് കനകരാജ് ചിത്രം ബെന്‍സില്‍ താന്‍ കൊടും വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്ന് നടന്‍ നിവിന്‍ പോളി. അതില്‍ മുഴുവന്‍ ചോരക്കളിയാണെന്നും നിവിന്‍ പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിവിന്‍.

ഇപ്പോള്‍ ബെന്‍സ് സിനിമയെ കുറിച്ചും ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് നിവിന്‍. ബെന്‍സില്‍ അവതരിപ്പിക്കാനായി ആദ്യം പറഞ്ഞിരുന്നത് മറ്റൊരു വേഷമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

നിവിന്‍ പോളി Photo: Nivin pauly/ Fb.com

‘എന്നാല്‍ പിന്നീട് അവര്‍ തന്നെ അതില്‍ മാറ്റം രുത്തി. മലയാളത്തില്‍ നിന്ന് തമിഴിലേക്കെത്തുമ്പോള്‍ അവിടെ ഇങ്ങനെയൊക്കെ അവതരിപ്പിക്കണമെന്ന് കരുതിയിരിക്കണം. സിനിമയില്‍ പ്രാധാന്യമുള്ള വേഷമാണ്. വില്ലനാണെങ്കിലും അയാള്‍ക്കൊരു ഡാര്‍ക്ക്ഹ്യൂമര്‍ വശമുണ്ട്, ഗൗരവമായി അയാള്‍ ചെയ്യുന്ന പലകാര്യങ്ങളും പ്രേക്ഷകരില്‍ ചിരിനിറച്ചേക്കാം.

എങ്കിലും ഭയം നിലനിര്‍ത്തിയാണ് മുന്നോട്ടുപോകുന്നത്. തമിഴ് സിനിമയിലേക്കിറങ്ങുമ്പോള്‍ മലയാളത്തിലേതിന് സമാനമായ രീതിയില്‍ സഞ്ചരിച്ചിട്ട് കാര്യമില്ല. അഭിനയത്തിലും സംഭാഷണത്തിലുമെല്ലാം മാറ്റം കൊണ്ടുവന്നിട്ടുണ്ട്. അവരുടെ മീറ്ററിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. അതിലേക്കെത്താന്‍ തുടക്കത്തില്‍ ചെറുതായൊന്ന് ബുദ്ധിമുട്ടേണ്ടിവന്നു,’ നിവിന്‍ പറയുന്നു.

സിനിമകളുടെ തെരഞ്ഞെടുപ്പുകളിലും കഥാപാത്രങ്ങളുടെ അവതരണങ്ങളിലുമെല്ലാം ചില വിമര്‍ശനങ്ങളും അഭിപ്രായങ്ങളും കേള്‍ക്കാനിടയായിട്ടുണ്ടെന്നും നന്നായി വരുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ് ഓരോ സിനിമയുടേയും ഭാഗമാകുന്നതെന്നും അദ്ദേഹം പറയുന്നു. സിനിമ സ്വീകരിക്കുമോ തള്ളിക്കളയുമോയെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ലെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സര്‍വ്വം മായ ആണ് നിവിന്റേതായി വരാനിരിക്കുന്ന ചിത്രം. പാച്ചുവും അത്ഭുതവിളക്കിനും ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും.

Content Highlight: Nivin Pauly says he will be playing the role of a villain in Lokesh Kanagaraj’s film Benz