തമിഴകം കീഴടക്കാന്‍ നിവിന്‍ പോളി വീണ്ടും; ഗംഭീരമായി റാം ചിത്രത്തിന്റെ പേരിടല്‍ വീഡിയോ
Entertainment
തമിഴകം കീഴടക്കാന്‍ നിവിന്‍ പോളി വീണ്ടും; ഗംഭീരമായി റാം ചിത്രത്തിന്റെ പേരിടല്‍ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th October 2022, 1:15 pm

ഏറെ നാളായി ചര്‍ച്ചയിലുണ്ടായിരുന്ന റാം-നിവിന്‍ പോളി ചിത്രത്തിന് പേരിട്ടു. ഏഴു കടല്‍ ഏഴു മലൈ എന്നാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

2017ലിറങ്ങിയ റിച്ചിക്ക് ശേഷം നിവിന്‍ പോളി അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിത്. നിവിന്‍ പോളിക്കൊപ്പം അഞ്ജലി, സൂരി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

വ്യത്യസ്തമായ അനിമേഷനാണ് ഈ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോയിലേത്. കഥാപാത്രങ്ങളുടേതെന്ന സൂചനകള്‍ നല്‍കുന്ന അനിമേറ്റഡ് രൂപങ്ങളാണ് ഇതില്‍ പ്രധാനമായിട്ടുള്ളത്.

നിവിന്‍ പോളി കഥാപാത്രത്തിന്റെ ഡയലോഗോടു കൂടിയാണ് വീഡിയോ അവസാനിക്കുന്നത്. ‘കാതല്‍ ന്ന് വന്തിട്ടാ, മനസ് മട്ടും ഇല്ലെ, ഉടമ്പും ഉസിരും എല്ലാമേ പറക്കും’ എന്നാണ് ഈ ഡയലോഗ്.

റിച്ചിയില്‍ നടന്റെ തമിഴ് ഡയലോഗുകള്‍ക്കെതിരെ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തമിഴ് ഉച്ചാരണത്തില്‍ പാളിച്ചകളുണ്ടെന്നും മലയാളി പറയുന്ന തമിഴ് പോലെ തന്നെ തോന്നുന്നുവെന്നുമായിരുന്നു ആ വിമര്‍ശനങ്ങള്‍.

എന്നാല്‍ ഈ വീഡിയോക്ക് താഴെ നിവിന്റെ തമിഴിന് കയ്യടിയാണ് ലഭിക്കുന്നത്. തമിഴ് ഭാഷ നന്നായി സ്വായത്തമാക്കിയ ശേഷമാണ് നിവിന്‍ പുതിയ ചിത്രത്തിന് ഡബ് ചെയ്തിരിക്കുന്നതെന്ന് ഒറ്റ ഡയലോഗിലൂടെ മനസിലാകുന്നുണ്ടെന്നും കമന്റുകളില്‍ പറയുന്നു.

കാടും കടലും കടുവയുമെല്ലാം പ്രത്യക്ഷപ്പെടുന്ന വീഡിയോ വലിയ ആകാംക്ഷയാണ് പ്രേക്ഷകരിലുണ്ടാക്കിയിരിക്കുന്നത്.

തരമണി, തങ്കമീന്‍കള്‍, കട്രത് തമിഴ്, മമ്മൂട്ടി നായകനായ പേരന്‍പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഏഴു കടല്‍ ഏഴു മലൈ.

തമിഴിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മാനാടിന് ശേഷം വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി ഒരുക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.

ഹിറ്റ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം പകരുന്നത്. വെട്ടം, ഒപ്പം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ചഗ ഏകാംബരമാണ് ക്യാമറ.

അതേസമയം നിവിന്‍ പോളി പ്രധാന വേഷത്തിലെത്തുന്ന രണ്ട് ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. പടവെട്ട് ഒക്ടോബര്‍ 23നും സാറ്റര്‍ഡേ നൈറ്റ് നവംബര്‍ നാലിനുമാണ് തിയേറ്ററുകളിലെത്തുന്നത്.

Content Highlight: Nivin Pauly’s Tamil Movie with Ram Title announcement video out