എനിക്കും അഖിലിനും പ്രേത സിനിമ പേടിയാണ്; ഞങ്ങളുടെ കോമ്പിനേഷന്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് വിശ്വസിക്കുന്നു: നിവിന്‍ പോളി
Malayalam Cinema
എനിക്കും അഖിലിനും പ്രേത സിനിമ പേടിയാണ്; ഞങ്ങളുടെ കോമ്പിനേഷന്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് വിശ്വസിക്കുന്നു: നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th December 2025, 9:32 pm

അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് സര്‍വ്വം മായ. അനൗണ്‍സ്‌മെന്റ് മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തുന്നത്.

ഒരിടവേളയ്ക്ക് ശേഷം ഹിറ്റ് കോമ്പോയായ നിവിന്‍ പോളിയും അജുവര്‍ഗീസും ഒന്നിക്കുന്ന ചിത്രം ഹൊറര്‍ കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്. ഇപ്പോള്‍ സര്‍വ്വം മായ സിനിമയെ കുറിച്ചും അജു വര്‍ഗീസിനെ കുറിച്ചും സംസാരിക്കുകയാണ് നിവിന്‍ പോളി.

സര്‍വ്വം മായ/ Theatrical poster

‘പൂജാരിയായി അജു അവതരിപ്പിക്കുന്ന വേഷത്തിന്റെ സഹായിയും ബന്ധുവുമായിട്ടാണ് എന്റെ കഥാപാത്രം വരുന്നത്. ഞങ്ങള്‍ തമ്മിലുള്ള സീനുകളെല്ലാം പ്രേക്ഷകര്‍ക്കിഷ്ടപ്പെടും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
സിനിമയ്ക്ക് പുറത്തെ സൗഹൃദം ഒന്നിച്ചഭിനയിക്കുമ്പോഴും ഗുണം ചെയ്യും. ഒരാളുടെ പ്രകടനത്തിന് മറ്റൊരാളുടെ പൂര്‍ണമായ പിന്തുണ ലഭിക്കുന്നു എന്നത് തന്നെയാണ് ഞങ്ങള്‍ ഒന്നിച്ച് അഭിനയിക്കുന്നതിലുള്ള വലിയ സന്തോഷം.

സര്‍വ്വം മായയുടെ ആദ്യപോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ തന്നെ ഞങ്ങളുടെ കോമ്പിനേഷന്‍ കാണാന്‍ ആഗ്രഹിക്കുന്നതായുള്ള പ്രതികരണങ്ങളും കുറിപ്പുകളുമെല്ലാം പലയിടങ്ങളില്‍ നിന്നും ലഭിച്ചിരുന്നു. കോമഡിയും ഹൊററും മാത്രമല്ല പ്രണയവും വൈകാരികമായ രംഗങ്ങളുമെല്ലാം കഥയുടെ അകമ്പടിയായെത്തുന്നുണ്ട്,’ നിവിന്‍ പോളി പറയുന്നു.

താനും അഖിലും പ്രേത സിനിമകള്‍ കാണാന്‍ പേടിയുള്ള കൂട്ടത്തിലാണെന്നും തങ്ങള്‍ ഒരുമിച്ച് ചെയ്യുന്ന പ്രേത സിനിമ കണ്ട് ഞങ്ങള്‍ പേടിക്കരുതെന്ന തീരുമാനം ആദ്യം തന്നെ എടുത്തിരുന്നുവെന്നും നിവിന്‍ പറയുന്നു.

കുടുംബസമേതം തിയേറ്ററില്‍ പോയി കാണാവുന്ന കോമഡി ഹൊറര്‍ ചിത്രമാണ് ‘സര്‍വ്വം മായ’ എന്നും ഹൊറര്‍ എന്ന് കേള്‍ക്കുമ്പോള്‍ കുട്ടികള്‍ക്കെല്ലാം തിയേറ്ററിലേക്ക് ഇറങ്ങാന്‍ പേടിയായിരിക്കും, എന്നാല്‍ സര്‍വ്വം മായ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന കഥയാണ് സിനിമയുടേതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Nivin Pauly is talking about the movie Sarvam Maya and Aju Varghese