മമ്മൂക്ക ആ പ്രോജക്ടിനോട് അധികം ഇന്‍ട്രസ്റ്റ് കാണിച്ചില്ല, പോസിറ്റീവായി ഒന്നും പറഞ്ഞിട്ടുമില്ല: നിവിൻ പോളി
Entertainment
മമ്മൂക്ക ആ പ്രോജക്ടിനോട് അധികം ഇന്‍ട്രസ്റ്റ് കാണിച്ചില്ല, പോസിറ്റീവായി ഒന്നും പറഞ്ഞിട്ടുമില്ല: നിവിൻ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th December 2024, 9:44 am

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് നിവിൻ പോളി. കുറഞ്ഞ സമയം കൊണ്ട് തന്നെ തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടനാവാൻ നിവിൻ പോളിക്ക് കഴിഞ്ഞിരുന്നു. ഒരു സമയത്ത് തുടരെ തുടരെ ഹിറ്റുകൾ സമ്മാനിച്ച നടനാണ് നിവിൻ. നേരം, തട്ടത്തിൻ മറയത്ത്, പ്രേമം, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ നിവിൻ ചിത്രങ്ങളെല്ലാം വലിയ വിജയമായിരുന്നു.

എന്നാൽ കുറച്ച് കാലമായി നിവിന് നല്ലൊരു വിജയം ഇല്ലാതിരിക്കുകയായിരുന്നു. ഈ വർഷം ഇറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷത്തിലൂടെ പ്രേക്ഷകർ ആഗ്രഹിച്ച നിവിൻ പോളിയെ ആളുകൾ കണ്ടിരുന്നു. ചിത്രത്തിലെ ഡയലോഗുകളെല്ലാം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു.

 

കുറച്ചുനാൾ മുമ്പ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് മമ്മൂട്ടിയുടെ ബയോപിക് ഒരുക്കുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ജൂഡ് ആന്തണി മമ്മൂക്കയുടെ ബയോപിക് സിനിമയാക്കുന്നതില്‍ നിവിന്‍ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നിവിൻ.

ആദ്യം ഒരു ഷോര്‍ട്ട് ഫിലിമായിട്ടാണ് അത് പ്ലാന്‍ ചെയ്തതെന്നും എന്നാൽ മമ്മൂട്ടിക്ക് അതില്‍ താത്പര്യമില്ലെന്നും നിവിന്‍ പറഞ്ഞു. 2018ന് ശേഷം ജൂഡ് വീണ്ടും മമ്മൂക്കയെ അപ്രോച്ച് ചെയ്‌തെന്നും കൂടുതല്‍ കാര്യങ്ങളൊന്നും തീരുമാനമായില്ലെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

‘മലയാളം ഇന്‍ഡസ്ട്രിയില്‍ എനിക്ക് ഇന്‍സ്പിറേഷനായത് മമ്മൂക്കയാണ്. സിനിമയിലേക്കെത്തുന്നതിന് മുമ്പായാലും, കരിയറിന്റെ തുടക്കത്തിലും മമ്മൂക്ക എനിക്ക് വലിയ ഇന്‍സ്പിറേഷനായത് മമ്മൂക്ക തന്നെയാണ്. മമ്മൂക്കയുടെ കഥ ജൂഡ് സിനിമയാക്കുന്നതിനെക്കുറിച്ച് ആദ്യമൊക്കെ സംസാരമുണ്ടായിരുന്നു.

ഒരു ഷോര്‍ട്ട് ഫിലിമായിട്ട് ചെയ്താലോ എന്നായിരുന്നു പ്ലാന്‍. പക്ഷേ മമ്മൂക്ക ആ പ്രോജക്ടിനോട് അധികം ഇന്‍ട്രസ്റ്റ് കാണിച്ചില്ല. 2018ന് ശേഷം ജൂഡ് വീണ്ടും മമ്മൂക്കയെ കണ്ട് ഇതിനെപ്പറ്റി സംസാരിച്ചെന്ന് കേട്ടു. പക്ഷേ മമ്മൂക്കയുടെ ഭാഗത്തുനിന്ന് പോസിറ്റീവായിട്ട് ഒന്നും ഇതുവരെ വന്നിട്ടില്ല,’ നിവിന്‍ പറഞ്ഞു.

ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗമടക്കമുള്ള നിവിൻ ചിത്രങ്ങൾ വരാനിരിക്കുന്ന സിനിമകളാണ്. ഫാർമ എന്ന വെബ് സീരീസാണ് നിവിൻ പോളിയുടേതായി ഉടനെ വരാനുള്ളത്.

Content Highlight: Nivin Pauly About Mammooty’s Biopic