സിനിമ കണ്ടപ്പോള്‍ ഡിജോയോട് പറയണമെന്ന് കരുതിയതാണ്, പറഞ്ഞാല്‍ അവന് വിഷമമാകുമോ എന്ന് കരുതി മിണ്ടാതിരുന്നു: നിവിന്‍ പോളി
Entertainment
സിനിമ കണ്ടപ്പോള്‍ ഡിജോയോട് പറയണമെന്ന് കരുതിയതാണ്, പറഞ്ഞാല്‍ അവന് വിഷമമാകുമോ എന്ന് കരുതി മിണ്ടാതിരുന്നു: നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd May 2024, 5:28 pm

മലയാളി ഫ്രം ഇന്ത്യയില്‍ ഡിജോയുടെ അഭിനയം പോരായെന്ന് സിനിമ കണ്ടപ്പോള്‍ തോന്നിയെന്ന് നിവിന്‍ പോളി. സിനിമ കണ്ട സമയത്ത് ഇത് ഡിജോയോട് പറയണമെന്ന് തോന്നിയെന്നും എന്നാല്‍ അവന് വിഷമമാകുമെന്ന് കരുതി പറയാതിരുന്നെന്നും നിവിന്‍ പറഞ്ഞു. മലയാളി ഫ്രം ഇന്ത്യയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒറിജിനല്‍സ് ബൈ വീണക്ക് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ ഇക്കാര്യം പറഞ്ഞത്.

നിവിന് മറുപടിയായി ഇനി അഭിനയിക്കുന്നില്ലെന്നാണ് ഡിജോ പറഞ്ഞത്. ഇനി മുതല്‍ അഭിനയമെന്ന പരിപാടിക്കില്ലെന്നും ഡിജോ പറഞ്ഞു. ആദ്യ സിനിമയായ ക്വീനിലും പിന്നീട് ഇറങ്ങിയ ജന ഗണ മനയിലും ഡിജോ ചെറിയ വേഷം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ മൂന്നാമത്തെ ചിത്രമായ മലയാളി ഫ്രം ഇന്ത്യയിലും ഡിജോ ക്യാമറക്ക് മുന്നില്‍ മുഖം കാണിച്ചത്.

‘ഡിജോയുടെ അഭിനയം പോരായെന്ന് പറയാന്‍ നിന്നതാണ്. സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഇവനോട് ഇത് എങ്ങനെ പറയും എന്നായിരുന്നു ചിന്ത. ഇതിപ്പോള്‍ ആരൊക്കെയോ കമന്റ് ചെയ്ത സ്ഥിതിക്ക് അവന് ആ കാര്യം സ്വയം തോന്നി നല്ലൊരു തീരുമാനമെടുക്കുമെന്ന് വിചാരിക്കുന്നു,’ നിവിന്‍ പറഞ്ഞു.

‘ഇനി അഭിനയിക്കുന്നില്ല, ആ പണി ഇനി ചെയ്യാനേ പോകുന്നില്ല എന്നാണ് എന്റെ തീരുമാനം. എല്ലാവര്‍ക്കും ഈ തീരുമാനം സന്തോഷം നല്‍കുമെന്ന് വിചാരിക്കുന്നു,’ ഡിജോ പറഞ്ഞു.

അതേ സമയം മലയാളി ഫ്രം ഇന്ത്യക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജന ഗണ മനക്ക് ശേഷം ഡിജോ സംവിധാനം ചെയ്ത ചിത്രം ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന ഒന്നാണെന്നാണ് പ്രേക്ഷക പ്രതികരണം. നിവിന്‍ പോളിക്ക് പുറമെ ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍, മഞ്ജു പിള്ള തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Content Highlight: Nivin Pauly about Dijo Jose Antony’s acting in Malayali from India