പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നിതീഷ് കുമാര്‍; ബി.ജെ.പിയെ പൂജ്യത്തിലേക്കെത്തിക്കണമെന്ന് മമത
national news
പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നിതീഷ് കുമാര്‍; ബി.ജെ.പിയെ പൂജ്യത്തിലേക്കെത്തിക്കണമെന്ന് മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th April 2023, 8:30 am

ലഖ്‌നൗ: പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനുമപ്പുറം രാജ്യത്തിന്റെ താത്പര്യത്തിനായി പ്രവര്‍ത്തിക്കുമെന്നും ജെ.ഡി.യു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു നിതീഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്നുള്ള അഭ്യൂഹങ്ങളെ തള്ളിക്കൊണ്ടായിരുന്നു നിതീഷിന്റെ പ്രതികരണം. തിങ്കളാഴ്ചയാണ് നിതീഷ് കുമാറും ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയത്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.

‘ഞാന്‍ പദവികളോ അധികാരമോ ആഗ്രഹിക്കുന്നില്ല. രാജ്യത്തിന്റെ താത്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്,’ നിതീഷ് കുമാര്‍ പറഞ്ഞു.

പ്രതിപക്ഷത്തെ ആര് നയിക്കുമെന്ന കാര്യം പ്രതിപക്ഷ സഖ്യം പൂര്‍ണമായി രൂപീകരിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം അണിനിരത്തി അവര്‍ക്കെതിരെ പോരാടുമെന്നും അഖിലേഷ് പറഞ്ഞു.

‘ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതേണ്ടത് അവരുടെ ആവശ്യമാണ്. പരസ്യം ചെയ്യുക എന്നതല്ലാതെ വേറൊന്നും അവര്‍ ചെയ്യുന്നില്ല. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും അണിനിരത്തി, വരുന്ന തെരഞ്ഞെടുപ്പില്‍ അവര്‍ക്കെതിരെ മത്സരിക്കാനാണ് ഞങ്ങളുടെ തീരുമാനം,’ അഖിലേഷ് പറഞ്ഞു.

ദല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി അടുത്തിടെ നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുമായും നിതീഷ് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

വ്യക്തിപരമായ ഈഗോകളൊന്നുമില്ലെന്നും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും മമത പറഞ്ഞിരുന്നു. ബി.ജെ.പിയുടെ സീറ്റ് പൂജ്യത്തിലേക്ക് ഒതുക്കണമെന്നും അവര്‍ പറഞ്ഞിരുന്നു.

Content Highlights: Nitish Kumar does not want to become Prime Minister; Mamata wants to bring BJP to zero