ആ സീനിന് മുമ്പ് 'ആരും മിണ്ടിപ്പോകരുത്' എന്ന് പാര്‍വതി പറഞ്ഞു, ഞാന്‍ മിണ്ടാതെ അവള്‍ പറഞ്ഞത് പോലെ നിന്നു: നിത്യ മേനെന്‍
Entertainment
ആ സീനിന് മുമ്പ് 'ആരും മിണ്ടിപ്പോകരുത്' എന്ന് പാര്‍വതി പറഞ്ഞു, ഞാന്‍ മിണ്ടാതെ അവള്‍ പറഞ്ഞത് പോലെ നിന്നു: നിത്യ മേനെന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 20th November 2022, 10:42 am

തെന്നിന്ത്യന്‍ ഭാഷകളില്‍ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേതാക്കളാണ് പാര്‍വതി തിരുവോത്തും നിത്യ മേനെനും. ഇരുവരും ഒന്നിച്ചെത്തുന്ന വണ്ടര്‍ വുമണ്‍ കഴിഞ്ഞ ദിവസമാണ് സോണിലിവില്‍ റിലീസ് ചെയ്തത്.

നേരത്തെ അഞ്ജലി മേനോന്‍ തന്നെ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സില്‍ രണ്ട് പേരും അഭിനയിച്ചിരുന്നെങ്കിലും കോമ്പിനേഷന്‍ സീനുകളൊന്നും ഉണ്ടായിരുന്നില്ല.

ആക്ടിങ്ങിലും സീന്‍ പ്രിപ്പറേഷനിലും തികച്ചും വ്യത്യസ്തമായ രീതികള്‍ പിന്തുടരുന്നവരാണ് രണ്ട് പേരുമെന്നുമാണ് സംവിധായിക അഞ്ജലി മേനോന്‍ പറയുന്നത്. അതേസമയം അഭിനേതാക്കള്‍ പരസ്പരം മനസിലാക്കുന്നവരാണെന്നും അഞ്ജലി പറഞ്ഞു.

പാര്‍വതിയും താനും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് നിത്യ മേനെനും സംസാരിച്ചു. വണ്ടര്‍ വുമണിലെ ഷൂട്ടിങ്ങിനിടയിലെ ഒരു സംഭവം ഉദാഹരണമായി പറഞ്ഞുകൊണ്ടായിരുന്നു നിത്യ ഇതേ കുറിച്ച് വിശദീകരിച്ചത്. ഫിലിം കമ്പാനിയന് വേണ്ടി വണ്ടര്‍ വുമണ്‍ ടീം നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.

 

നിത്യ മേനെന്‍ എന്ന സ്‌പൊണ്ടേനിയസ് ആക്ടറെയും ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തുന്ന പാര്‍വതിയെയും ഒന്നിച്ച് അഭിനയിപ്പിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇവര്‍.

ഓരോ കഥാപാത്രത്തിനും വേണ്ടി അഭിനേതാക്കളോട് പ്രത്യേകം പ്രത്യേകം തന്നെയായിരുന്നു സംസാരിച്ചിരുന്നതെന്നാണ് അഞ്ജലി മേനോന്‍ പറയുന്നത്. വളരെ വ്യത്യസ്തരായ അഭിനേതാക്കളെ വ്യത്യസ്തമായ രീതിയില്‍ തന്നെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിന് പിന്നാലെയാണ് നിത്യ മേനെന്‍ ഷൂട്ടിങ് അനുഭവവും കാഴ്ചപ്പാടുമെല്ലാം പങ്കുവെച്ചത്. ‘വണ്ടര്‍ വുമണില്‍ അവസാന ഭാഗത്ത് പാര്‍വതിയുടെ കഥാപാത്രം വല്ലാതെ ഇമോഷണലായി പൊട്ടിത്തെറിക്കുന്ന ഒരു സീനുണ്ട്. ആ സീനിന് മുമ്പ് ‘ആരും മിണ്ടരുത്, സൈലാന്റായിരിക്ക്’ എന്ന് പാര്‍വതി പറഞ്ഞു. അവള്‍ അവളുടെ ഒരു സോണിലായിരുന്നു,’ പാര്‍വതി വളരെ ഏകാഗ്രതയോടെ ഇരിക്കുന്നതിനെ അനുകരിച്ചുകൊണ്ടായിരുന്നു നിത്യ മേനെന്‍ ഇത് പറഞ്ഞത്.

‘ഞാന്‍ ഇതില്‍ നിന്നും വളരെ വ്യത്യസ്തയായ ആളാണ്. സീനിന് മുമ്പ് കളിച്ച് ചിരിച്ച് നിന്ന ശേഷം ഷൂട്ട് തുടങ്ങുമ്പോള്‍ പോയി അഭിനയിക്കുന്ന ടൈപ്പാണ് ഞാന്‍. പക്ഷെ വ്യത്യസ്തമായ മെത്തേഡുകള്‍ ഫോളോ ചെയ്യുന്ന അഭിനേതാക്കളെ നമ്മള്‍ നിരന്തരം കാണുന്നുണ്ട്. അതു നമുക്ക് പരസ്പരം മനസിലാകും.

അന്ന് പാര്‍വതി അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ മിണ്ടാതെ നിന്നു. അവള്‍ക്ക് എന്താണോ വേണ്ടത് അതു പോലെ ഞാന്‍ ചെയ്തു. അങ്ങനെ ആ രീതിയില്‍ നമ്മള്‍ അഭിനേതാക്കളെല്ലാം പരസ്പരം മനസിലാക്കുകയും സഹകരിക്കുകയും ചെയ്യുന്നവരാണ്,’ നിത്യ മേനെന്‍ പറഞ്ഞു.

Content Highlight: Nithya Menen about Parvathy’s acting method and shares a shooting experience with her