ഗര്‍ഭിണികള്‍ ദേവതകളല്ല, മനുഷ്യ സ്ത്രീകളാണ്; മഹത്വവല്‍ക്കരണത്തിനിടയില്‍ ചേരാതെ പോയ മോചനം
Film News
ഗര്‍ഭിണികള്‍ ദേവതകളല്ല, മനുഷ്യ സ്ത്രീകളാണ്; മഹത്വവല്‍ക്കരണത്തിനിടയില്‍ ചേരാതെ പോയ മോചനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th November 2022, 11:49 pm

Spoiler Alert
ഗര്‍ഭിണികളുടെ സുഹൃദത്തിന്റെയും ഗര്‍ഭകാലത്തിന്റെ മനോഹാരിതയുടെയും കഥ ഒന്നിച്ച് ചേര്‍ത്ത് അഞ്ജലി മേനോന്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് വണ്ടര്‍ വുമണ്‍. ഗര്‍ഭ കാലത്തുണ്ടാവുന്ന മാറ്റങ്ങളും, ഭീതിയും ബുദ്ധിമുട്ടുകളും സന്തോഷങ്ങളുമൊക്കെ ചിത്രത്തില്‍ കാണിക്കുന്നുണ്ട്.

ഗര്‍ഭിണികളെ വളരെ ആദരവോടെയും ദൈവീകതയോടെയും കാണുന്ന സമൂഹമാണിത്. മാതൃത്വം ഇല്ലാതെ ഒരു സ്ത്രീ പൂര്‍ണ ആവില്ലെന്നും കുഞ്ഞുങ്ങളെ വേണ്ടെന്ന് വെക്കുന്നത് പാപമാണെന്നും കരുതിപ്പോന്നിരുന്ന സമൂഹം കുറച്ചൊക്കെ മാറി വരുന്ന കാലമാണിത്.

ഗര്‍ഭിണികളും സാധാരണ സ്ത്രീകളാണെന്നത് ഒന്നുകൂടി ഉറക്കെ പറയുകയാണ് വണ്ടര്‍ വുമണ്‍. ഗര്‍ഭിണിയായ തന്നെ പങ്കാളി ദേവി എന്ന് വിശേഷിപ്പിക്കുമ്പോള്‍ ചിത്രത്തിലെ ഒരു കഥാപാത്രം അസ്വസ്ഥയാവുന്നുണ്ട്. താന്‍ ദേവിയല്ലെന്നും ദേഷ്യവും സങ്കടവുമെല്ലാമുള്ള മനുഷ്യസ്ത്രീ മാത്രമാണെന്നും അവര്‍ വ്യക്തമാക്കുന്നു.

ഗര്‍ഭാവസ്ഥയെ ദൈവീകതയില്‍ നിന്നും മോചിപ്പിച്ച രംഗത്തില്‍ തന്നെ സ്വപ്‌നങ്ങള്‍ക്കും പാഷനും മീതെ മാതൃത്വത്തെ പ്രതിഷ്ഠിച്ച് ഒരു കഥാപാത്രം സംസാരിച്ചത് ഒരു വൈരുധ്യമായി.

ചിത്രം മാതൃത്വത്തെ ഗ്ലോറിഫൈ ചെയ്യുകയാണെന്ന വിമര്‍ശനം സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. അമ്മയാകാനുള്ള സ്ത്രീയുടെ ചോയിസിനെ സിനിമ മഹത്വവല്‍ക്കരിക്കുകയാണ്. അമ്മയാകുന്നത് സാധാരണ കാര്യമാണെന്നും അത് എന്തിനാണ് മഹത്വവല്‍ക്കരിക്കുന്നതെന്നുമാണ് വിമര്‍ശകര്‍ ചോദിച്ചത്.

മാതൃത്വത്തെ മഹത്വവല്‍ക്കരിച്ച് പോയ സിനിമയില്‍ ഗര്‍ഭിണിയെ ദൈവീകതയില്‍ നിന്നും മോചിപ്പിച്ചത് കൂട്ടത്തില്‍ ചേരാത്തത് പോലെയായി പോയി. തന്നെയുമല്ല അമ്മയാവാനാവാത്തത് തന്റെ നിര്‍ഭാഗ്യമാണെന്ന് കരുതുകയും മറ്റൊരു സ്ത്രീയുടെ മകനില്‍ തന്റെ മാതൃത്വസന്തോഷങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന കഥാപാത്രവും ചിത്രത്തിലുണ്ട്.

പല സ്ത്രീകളും ഗര്‍ഭിണികളാവുന്നതോടെ തങ്ങളുടെ കരിയറിനെ പറ്റി ഉണ്ടാകാനിടയുള്ള ആശങ്കകളൊന്നും ചിത്രം അഡ്രസ് ചെയ്യുന്നില്ലെന്നും അഭിപ്രായങ്ങളുണ്ട്.

ചിത്രം ഉയര്‍ന്ന ക്ലാസിലുള്ള സ്ത്രീകളുടെ ജീവിതമാണ് കാണിക്കുന്നതെന്നും ഫോറം തികക്കാനായി മിഡില്‍ ക്ലാസില്‍ നിന്നുമുള്ള രണ്ട് സ്ത്രീകളെ ചേര്‍ത്തത് പോലെയാണ് തോന്നിയതെന്നും വിമര്‍ശനം വന്നിരുന്നു.

Content Highlight: Pregnant women are human women, not goddesses, write up on wonder women