ആക്ഷന്‍ പറയുന്നത് വരെ അക്കാര്യം മനസില്‍ കിടക്കും; സിനിമക്ക് വേണ്ടി ട്രെയിനിങ് നടത്തിയപ്പോള്‍ റഫര്‍ ചെയ്തത് ഇദ്ദേഹത്തിന്റെ സിനിമകളാണ്: നിത പിള്ള
Entertainment news
ആക്ഷന്‍ പറയുന്നത് വരെ അക്കാര്യം മനസില്‍ കിടക്കും; സിനിമക്ക് വേണ്ടി ട്രെയിനിങ് നടത്തിയപ്പോള്‍ റഫര്‍ ചെയ്തത് ഇദ്ദേഹത്തിന്റെ സിനിമകളാണ്: നിത പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th August 2022, 12:33 pm

സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടിലെത്തിയ പാപ്പന്‍ തിയേറ്ററുകളില്‍ വലിയ ഓളമാണ് സൃഷ്ടിക്കുന്നത്. ഇതിനോടകം തന്നെ തിയേറ്റര്‍ ഹിറ്റായി മാറിയ ചിത്രത്തിലെ സുരേഷ് ഗോപി അടക്കമുള്ള താരങ്ങളുടെ പ്രകടനവും പ്രേക്ഷകര്‍ എടുത്ത് പറയുന്നുണ്ട്.

ചിത്രത്തില്‍ ശക്തായ സ്ത്രീ കഥാപാത്രങ്ങളെ കൊണ്ടുവന്ന രീതിയും നടിമാര്‍ക്ക് കൊടുത്ത സ്‌പേസും പ്രശംസിക്കപ്പെട്ടിരുന്നു.

സുരേഷ് ഗോപിക്കൊപ്പം പാപ്പനില്‍ അഭിനയിച്ചതിന്റെ അനുഭവവും സുരേഷ് ഗോപിയുടെ സിനിമകളോടുള്ള തന്റെ ആരാധനയെക്കുറിച്ചും തുറന്നുപറയുകയാണ് പാപ്പനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച യുവനടി നിത പിള്ള. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”ഒരു പൊലീസുകാരന്‍ എന്ന് പറയുമ്പോള്‍ മലയാളികളുടെ മനസില്‍ സുരേഷ് സാറിന്റെ മുഖമാണ് വരുന്നത്. അതുപോല എന്റെ സ്വന്തം ട്രെയിനിങ്ങിന്റെ ഭാഗമായി ഞാന്‍ റഫര്‍ ചെയ്തിരുന്നതും സുരേഷ് സാറിന്റെ സിനിമകള്‍ തന്നെയാണ്.

സാര്‍ സെറ്റ് ചെയ്ത് വെച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ്‌സ് അല്ലെങ്കില്‍ ബെഞ്ച് മാര്‍ക്ക് മാച്ച് ചെയ്യാന്‍ പറ്റുമെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ പോലും അത് ലക്ഷ്യം വെച്ചാലേ എനിക്ക് എന്തെങ്കിലും ഒക്കെ ചെയ്യാന്‍ പറ്റുകയുള്ളൂ. അങ്ങനെ ഞാന്‍ അത് എയിം ചെയ്തു.

സിനിമക്ക് വേണ്ടി ഞാന്‍ സ്വന്തമായി കുറേ തയാറെടുപ്പ് നടത്തിയെങ്കിലും നമ്മള്‍ സിനിമകള്‍ കണ്ട് റഫര്‍ ചെയ്ത് വരുന്ന മനുഷ്യന്റെ കൂടെ നിന്ന് പെര്‍ഫോം ചെയ്യുന്നത് വേറൊരു ചാലഞ്ചാണ്. ആക്ഷന്‍ പറയുന്നത് വരെ ആ സാധനം മനസില്‍ കിടക്കും.

ടെന്‍ഷനുണ്ടായിരുന്നു. ഈശ്വരാ ഞാന്‍ ഇത് തെറ്റിച്ചാല്‍ സാറിന് എന്ത് തോന്നും. ഞാന്‍ ചെയ്യുന്ന പൊലീസ് ഓഫീസര്‍ റോള്‍ സാറിന് ഇഷ്ടപ്പെടാതിരിക്കുമോ. സാറിതെല്ലാം ചെയ്ത് കഴിഞ്ഞ കാര്യമാണ്.

പക്ഷെ, ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞാല്‍ സാര്‍ നമ്മളെ കംഫര്‍ട്ടബിള്‍ ആക്കും. ‘യു ഫോര്‍ഗറ്റ് എബൗട്ട് എവരിതിങ് എറൗണ്ട് യു. യു ആര്‍ ഇന്‍ ദ മൊമെന്റ്’ എന്ന് പറയും,” നിത പിള്ള പറഞ്ഞു.

സുരേഷ് ഗോപിയുടെ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ മകള്‍ വിന്‍സി എബ്രഹാമായാണ് നിത പിള്ള പാപ്പനിലെത്തുന്നത്. നൈല ഉഷ, കനിഹ, ഗോകുല്‍ സുരേഷ്, ജനാര്‍ദനന്‍ തുടങ്ങിയവരും പാപ്പനില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ആര്‍.ജെ ഷാനാണ്.

Content Highlight: Nitha Pillai about acting in Pappan movie with Suresh Gopi